തിരുവനന്തപുരം: ജേക്കബ്ബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ നിഗൂഢതയെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. എന്തുകൊണ്ടാണ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ്ബ് തോമസിനെ മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയറക്ടറെ ഹൈക്കോടതി പരാമര്‍ശത്തിന് ശേഷം മുഖ്യമന്ത്രി മാറ്റിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ മാറ്റിയത് പാര്‍ട്ടി സമ്മര്‍ദ്ദമുള്ളതുകൊണ്ടാണോ എന്നും ചെന്നിത്തല ചോദിച്ചു.

എന്നാല്‍ ജേക്കബ്ബ് തോമസിനെ മാറ്റാന്‍ സി.പി.എം ആവശ്യപ്പെട്ടിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഭരണകാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും ഏത് ഉദ്യോഗസ്ഥന്‍ ഏത് സ്ഥാനത്ത് തുടരണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും കൊടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതി ഉന്നയിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നതെന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.