തിരുവനന്തപുരം : അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് വിളിച്ചുവരുത്താതിരിക്കാന്‍ നിയമത്തിന്റെ പഴുത് ദുരുപയോഗം ചെയ്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കേരളത്തെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എമാര്‍ക്ക് കിട്ടുന്ന സുരക്ഷ ഏത് സാഹചര്യത്തിലാണ് പി എയ്ക്ക് ലഭിക്കുന്നത്? സ്പീക്കര്‍ തുടക്കം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്പീക്കര്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് പേടിക്കുന്നത്? ധൈര്യമുണ്ടെങ്കില്‍ അന്വേഷണം നേരിടുകയല്ലേ വേണ്ടത്? സ്പീക്കര്‍ സ്വന്തം ഓഫീസ് ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. അഴിമതിയും ധൂര്‍ത്തും നടത്തിയ ആളാണ് സ്പീക്കര്‍. ആ അഴിമതി പുറത്തുവരും. അതിന് വേണ്ടിത്തന്നെയാണ് വീണ്ടും സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് വേണ്ടി എം ഉമ്മര്‍ എംഎല്‍എ നോട്ടീസ് നല്‍കിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ അഴിമതികളെല്ലാം പ്രതിഫലിക്കും. പ്രതിപക്ഷം അപക്വനിലപാടെടുക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക്, ആരാണ് അപക്വനിലപാടെടുക്കുന്നതെന്ന് ജനം കാണുന്നുണ്ടെന്നും രമേശ് ചെന്നിത്തല മറുപടി നല്‍കി.