കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കോഴിക്കോട് വെള്ളയില്‍ സ്വദേശിയാണ് പെണ്‍കുട്ടിക്കു നേരെ ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉടന്‍ അറസ്റ്റു രേഖപ്പെടുത്തുമെന്ന് കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വൈ.എം.സി.എ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്കുള്ള ഇടവഴിയില്‍ വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ പിഡീപ്പിക്കാന്‍ ശ്രമിച്ചത്.

ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാവ് പെണ്‍കുട്ടി ബഹളം വെച്ചതിനെത്തുടര്‍ന്ന് ഓടി രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. 354 വകുപ്പനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Watch Video: