ലക്‌നോ: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി നീതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വന്തം രക്തം കൊണ്ട് കത്തെഴുതി. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കത്തില്‍ ചൂണ്ടിക്കാട്ടി.

നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഈമാസം 20ന് എഴുതിയ കത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്. ബലാല്‍സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അങ്കിത് വര്‍മ, ദിവ്യ പാണ്ഡെ എന്നിവര്‍ക്കെതിരെ കഴിഞ്ഞ മാര്‍ച്ചില്‍ കേസെടുത്തതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ശശി ശേഖര്‍ സിങ് വ്യക്തമാക്കി. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.