മലപ്പുറം അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പെരിന്തല്‍മണ്ണ നഗരത്തിലുണ്ടായ സംഭവങ്ങള്‍ കേരളത്തിലെ സമാധാനകാംക്ഷികളായ ജനങ്ങളെയാകെ വേദനിപ്പിക്കാന്‍ പോന്നതാണ്. സംസ്ഥാനം ഭരിക്കുന്ന പ്രധാനപ്പെട്ട കക്ഷിയുടെ അണികളും അവരുടെ പോഷക സംഘടനാപ്രവര്‍ത്തകരുമാണ് നഗരത്തെയും നഗരവാസികളെയും യാത്രക്കാരെയും ഒന്നടങ്കം മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള നരനായാട്ടിന് ഒരുമ്പെട്ടതെന്നതാണ് ഈ പുതിയ അധ്യായത്തിലെ ആശങ്കക്ക് അടിസ്ഥാനം.

മുസ്്ലിംലീഗിന്റെ പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി ഓഫീസ് പൂര്‍ണമായും അടിച്ചുതകര്‍ക്കാനും പൊലീസിനെ വെല്ലുവിളിച്ച് മുസ്‌ലിംലീഗ് പ്രവര്‍ത്തകരെയും നേതാക്കളെയും കല്ലെറിഞ്ഞ് പരിക്കേല്‍പിക്കാനുംവരെ ഭരണവര്‍ഗ അക്രമിസംഘം തയ്യാറായി എന്നത് നാട്ടില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ അത് സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍തന്നെ പരസ്യമായി വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതായിപ്പോയി.

പോളിടെക്‌നിക് കോളജില്‍ മുസ്്‌ലിംലീഗിന്റെ പോഷക സംഘടനയും കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായ എം.എസ്.എഫിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കില്ലെന്ന തീട്ടൂരമാണ് ഇതിന്റെയൊക്കെ അടിസ്ഥാനം. ജനാധിപത്യത്തില്‍ എവിടെയും ആര്‍ക്കും കടന്നുചെല്ലാനും സ്വതന്ത്രമായി രാഷ്ട്രീയ-സംഘടനാപ്രവര്‍ത്തനം നടത്താനും അനുമതിയും ഭരണഘടനാപരമായ അനുവാദവും കല്‍പിച്ചുനല്‍കപ്പെട്ടിരിക്കവെയാണ് ഒരു സംഘടനയുടെ ആളുകള്‍ വടിവാളും കല്ലുകളും കഠാരകളുമായി നാട്ടിലിറങ്ങി അക്രമപ്പേക്കൂത്ത് നടത്തിയത്. പെരിന്തല്‍മണ്ണ പ്രദേശത്ത് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അക്രമ പരമ്പയുടെ പുതിയ എപ്പിസോഡ് മാത്രമാണിത്. കേരളത്തിലെ മൂന്നാമത്തെ വലിയ കക്ഷിയും മണ്ഡലത്തിലെ ഒന്നാം കക്ഷിയുമായ മുസ്‌ലിംലീഗിനോടും അതിന്റെ പ്രവര്‍ത്തകരോടും എന്നും അസഹിഷ്ണുതാഭരിതമായ മനോഭാവവും പെരുമാറ്റവുമാണ് സി.പി.എം ഈ മേഖലയില്‍ കാഴ്ചവെക്കാറുള്ളത്. നിരവധി തവണ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ സി.പി.എം അക്രമികളുടെ ക്രൂര മര്‍ദനങ്ങള്‍ക്കിരയായി.
അങ്ങാടിപ്പുറം ഗവ.പോളിടെക്‌നിക്കില്‍ കഴിഞ്ഞ നാല്‍പതുകൊല്ലമായി കെ.എസ്.യു, എം.എസ്.എഫ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. എസ്.എഫ്.ഐക്കാരല്ലാത്ത വിദ്യാര്‍ത്ഥികളെ വിലക്കിയതുമൂലം അവര്‍ക്ക് പഠനം നിര്‍ത്തിപ്പോകേണ്ടിവന്നു. കഴിഞ്ഞദിവസം എം.എസ്.എഫിന്റെ ക്യാമ്പസ്‌വിംഗ് ഉദ്ഘാടനത്തിന് ക്രൂരമായ അക്രമമാണ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐക്കാര്‍ അഴിച്ചുവിട്ടത്. അന്ന് ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച കോളജ് ക്യാമ്പസിന് മുന്നിലെ എം.എസ്.എഫിന്റെ കൊടിമരം തകര്‍ത്തതില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. കൊടിമരം പുതിയത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും എസ്.എഫ്.ഐക്കാര്‍ എം.എസ്.എഫിന്റെയും മുസ്്‌ലിംലീഗിന്റെയും പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമവുമായി രംഗത്തെത്തുകയാണുണ്ടായത്. സി.ഐ.ടി.യുക്കാരും അക്രമത്തിന് നേതൃത്വം നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെയും അക്രമം തുടര്‍ന്നപ്പോള്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ പാലിച്ച ക്ഷമയാണ് പാര്‍ട്ടി മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ക്കാന്‍ അക്രമികളെ പ്രേരിപ്പിച്ചത്. ഇതൊക്കെ കയ്യുംകെട്ടി നോക്കിനിന്ന പൊലീസിനാണ് സംഭവത്തില്‍ രണ്ടാംപ്രതിസ്ഥാനം. മറ്റൊരു മാര്‍ഗവുമില്ലാതെയാണ് പെരിന്തല്‍മണ്ണതാലൂക്കില്‍ ഇന്നലെ ഹര്‍ത്താലിന് യു.ഡി.എഫ് ജില്ലാകമ്മിറ്റി ആഹ്വാനം നടത്തിയത്.

മാരകായുധങ്ങളും കുറുവടികളുമായി നടത്തിയ പ്രകടനം എസ്.എഫ്.ഐക്കാരുടെ അഹന്തയുടെ മൂര്‍ധന്യത്തിലെത്തിയതായിരുന്നു മുസ്്‌ലിംലീഗ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ പേക്കൂത്ത്. നഗരത്തിനുനടുവിലെ ഓഫീസിലേക്ക് ഇരച്ചുകയറിയ കൊച്ചു സഖാക്കള്‍ ഒന്നാം നിലയിലെ പൂട്ടുതകര്‍ത്ത് കയറി ജനല്‍ചില്ലകളും ഓഫീസിലെ കസേരകളും മേശയും മറ്റും അടിച്ചുതകര്‍ക്കുകയും വിലപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ വലിച്ചുപുറത്തെറിയുകായിരുന്നു. പുറത്ത് റോഡില്‍ വലിച്ചിട്ട ഓഫീസ് സാമഗ്രികള്‍ക്കുനേരെ പോലും അരിശം തീര്‍ത്ത സഖാക്കളെ കയ്യോടെ പിടിച്ച് കയ്യാമം വെക്കുന്നതിനു പകരം അക്രമം തടയാനെത്തിയ മുസ്‌ലിംലീഗ് -യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ ചൂരല്‍വീശുന്നതാണ് കണ്ടത്. പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദിക്കാന്‍ ചില പൊലീസ് സേനാംഗങ്ങള്‍ തയ്യാറായി. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയ യാത്രക്കാരും സംഘര്‍ഷത്തിന്റെ ചുടുനീര് കുടിച്ചു. മണിക്കൂറോളം തുടര്‍ന്ന അക്രമം കണ്ടിട്ടും നടപടിയെടുക്കാതെ വാദികളുടെ നേര്‍ക്ക് നടത്തിയ പൊലീസ് നരനായാട്ട് ആരുടെ തീട്ടൂരത്തിനാലാണെന്ന് ജനങ്ങള്‍ക്കറിയേണ്ടതുണ്ട്. മുകളിലുള്ളവര്‍ അറിയാതെ ഇത്തരത്തിലൊരു അക്രമപരമ്പര നടത്താനും പൊലീസിനെ നിഷ്‌ക്രിയരാക്കാനും കഴിയുമായിരുന്നില്ല. അക്രമം നടത്തിയവര്‍ സി.പി.എം ഓഫീസില്‍ രാത്രി വൈകിയും തമ്പടിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്.

കുട്ടിസഖാക്കളെ അക്രമത്തിന് വിട്ട് അധികാരത്തില്‍ സുഖിക്കാമെന്ന് കരുതുന്നവരാണ് പെരിന്തല്‍മണ്ണയിലെ അക്രമപ്പേക്കൂത്തിനും പിറകിലെന്നാണ് മനസ്സിലാക്കേണ്ടത്. പതിറ്റാണ്ടുകളായി കിണഞ്ഞുപരിശ്രമിച്ചിട്ടും പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലം പിടിച്ചെടുക്കാനോ ജനങ്ങളുടെ മാനസിക പിന്തുണ നേടാനോ കഴിയാത്തവരുടെ നിരാശാബോധത്തില്‍ നിന്നാണ് ഈ അക്രമപരമ്പരയും അരങ്ങേറിയത്. അങ്ങാടിപ്പുറം മേല്‍പാലം ഉള്‍പ്പെടെ മേഖലയുടെ സര്‍വതോമുഖമായ വികസനത്തിന് മുസ്‌ലിംലീഗും യു.ഡി.എഫും നടത്തിക്കൊണ്ടിരിക്കുന്ന മാതൃകാപരവും പ്രശംസാര്‍ഹവുമായ പ്രവര്‍ത്തനങ്ങളാണ് എതിരാളികളെ മത്തുപിടിപ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ മുസ്‌ലിംലീഗും യു.ഡി.എഫും നടത്തിയ വികസന പദ്ധതികളാണ് അവിടെ പാര്‍ട്ടിയും മുന്നണിയുടെയും ശക്തിസ്രോതസ്സായി നിലകൊള്ളുന്നതിന് കാരണം. ഇതിനെ അക്രമം കൊണ്ട് ജനശ്രദ്ധതിരിച്ചുവിട്ട് കണ്ണൂര്‍ മോഡലില്‍ പരാജയപ്പെടുത്താമെന്നാണ് തീരുമാനമെങ്കില്‍ അത് മലപ്പുറം ജില്ലയിലെയും കേരളത്തിലെയും ജനങ്ങള്‍ അംഗീകരിച്ചുകൊടുക്കാന്‍ പോകുന്ന പ്രശ്‌നമില്ലെന്ന് വിനയത്തോടെ ഓര്‍മിപ്പിക്കട്ടെ. ആശയത്തെ ആശയം കൊണ്ട് നേരിടുന്നതാണ് രാഷ്ട്രീയത്തിലെ ആണത്തം.

പാലക്കാട്ട് ഗവ. വിക്ടോറിയ കോളജ് പ്രിന്‍സിപ്പലിന് ജീവിച്ചിരിക്കെ കാമ്പസില്‍ ശവകുടീരമൊരുക്കിയ കുട്ടിസഖാക്കളുടെ കാട്ടാളചെയ്തിയെ കലയായി വിവരിച്ചതും കാസര്‍കോട്ടെ സോഫിയക്ക് ക്യാമ്പസില്‍ കയറിപ്പഠിക്കാന്‍ പൊലീസ് സംരക്ഷണം ഏര്‍പെടുത്തേണ്ടിവന്നതുമൊക്കെയാണ് ക്യാമ്പസിലെ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനം തടയുന്ന രീതിയിലേക്ക് കേരള ഹൈക്കോടതിക്ക് വിധി പുറപ്പെടുവിക്കാന്‍ കാരണമായിട്ടുള്ളതെന്ന് തിരിച്ചറിയുന്നുണ്ട്. സമാധാനപരമായ സംഘടനാപ്രവര്‍ത്തനം രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും സുഗമമായ പ്രവര്‍ത്തനത്തിനും ഭാവിക്കും അനുഗുണമാണെന്നിരിക്കെ അസഹിഷ്ണുതയും അക്രമവും കൊണ്ട് ഭാവിതലമുറയെ വഴിതെറ്റിക്കാനും സമൂഹത്തില്‍ ശൈഥില്യമുണ്ടാക്കാനും കവാത്ത് നടത്തുന്നവരെ മറ്റുള്ളവര്‍ കരുതിയിരിക്കുകതന്നെ വേണം.