Connect with us

Views

അലയുന്ന റോഹിന്‍ഗ്യര്‍ക്ക് അഭയത്തിന്റെ തണല്‍

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ഭരണകൂട ഭീകരതയുടേയും വംശവെറിയുടേയും ഇരകളായി മ്യാന്മറില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ആരോരുമില്ലാത്ത റോഹിന്‍ഗ്യന്‍ ജനത ലോകത്തിന്റെ പല ഭാഗങ്ങളിലുമായി അലയുകയാണ്. ഒരിറ്റ് ദാഹജലത്തിനു പോലും നിവൃത്തിയില്ലാതെ ലോക സമൂഹത്തിന്റെ ദയാദാക്ഷിണ്യത്തിനുവേണ്ടി കെഞ്ചുന്ന മനുഷ്യര്‍. പല രാജ്യങ്ങളിലേക്കായി ചിതറിയ ഇവരില്‍ ഏകദേശം ഏഴു ലക്ഷം പേര്‍ എത്തിപ്പെട്ടത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിലെ ചേരികളിലും ക്യാമ്പുകളിലുമായി അങ്ങേയറ്റം ദുരിതപൂര്‍ണമായ സാഹചര്യത്തിലാണ് അഭയാര്‍ത്ഥികള്‍ ജീവിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അറുപതിനായിരത്തോളം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ താമസിച്ചുവരുന്നു. ജമ്മു, ഹരിയാനയിലെ മെഹ്‌വാത്, ഡല്‍ഹിയിലെ കാളിന്ദികുഞ്ച്, യു.പിയിലെ ഫരീദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും റോഹിന്‍ഗ്യന്‍ ക്യാമ്പുകളുള്ളത്. 2012 മുതല്‍ വിവിധ സന്ദര്‍ഭങ്ങളിലായി ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണിവര്‍.

ഭയത്തിന്റെയും വിശപ്പിന്റെയും പിടിയിലമര്‍ന്ന് ജീവന്‍ തന്നെ അപായമുനയിലായ മനുഷ്യര്‍ക്ക് അത്താണിയൊരുക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് മുന്നിട്ടിറങ്ങിയതും നിര്‍ണായകമായ ഒരു സന്ദര്‍ഭത്തിലാണ്. അഭയാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്ന പരിമിത ലക്ഷ്യത്തോടെയുള്ള പദ്ധതികളല്ല മുസ്‌ലിംലീഗ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം പരിമിതമായ തോതിലെങ്കിലും ഭൗതിക വിദ്യാഭ്യാസത്തിനാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജന്മനാട്ടില്‍ നിന്ന് ഭയന്നോടുമ്പോള്‍ പൊലിഞ്ഞുപോയ അവരുടെ സ്വപ്‌നങ്ങള്‍ക്ക് ഈ മണ്ണില്‍ തണല്‍ നല്‍കണമെന്നാണ് മുസ്‌ലിംലീഗിന്റെ ആഗ്രഹം.

ഐക്യരാഷ്ട്ര സഭ നല്‍കിയ റഫ്യൂജി കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ക്ക് സാധാരണ തൊഴിലുകള്‍ക്ക് പോകാന്‍ അനുമതിയുണ്ടെങ്കിലും ദൈനംദിന ജീവിതത്തിലെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാനായി ഇവര്‍ വലിയ പ്രയാസങ്ങള്‍ നേരിടുകയാണ്. റോഹിന്‍ഗ്യന്‍ സഹോദരങ്ങളോടുള്ള കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഐക്യപ്പെടലിനും സ്‌നേഹവായ്പിനും ഹൃദയം ചേര്‍ത്തി വെക്കുന്ന പ്രതികരണമായിരുന്നു മുസ്‌ലിം ലീഗ് നടത്തിയ ഫണ്ട് ശേഖരണത്തോടുള്ള പ്രതികരണം.
ഇന്ത്യയിലെ വ്യത്യസ്ത ക്യാമ്പുകളിലായി പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സംവിധാനങ്ങളും അതോടൊപ്പം ആയിരക്കണക്കിന് ഭക്ഷണക്കിറ്റുകളും തണുപ്പിനെ പ്രതിരോധിക്കാനുള്ള കമ്പിളി പുതപ്പുകളും വസ്ത്രങ്ങളും വിതരണം ചെയ്യാനും വ്യത്യസ്ത ക്യാമ്പുകളിലായി ശുദ്ധജല വിതരണ സംവിധാനമടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനും ഇതിനകം നമുക്ക്് കഴിഞ്ഞിട്ടുണ്ട്.

2800 കുടുംബങ്ങളിലായി 12000 ആളുകള്‍ ജമ്മുവിലെ വ്യത്യസ്ത ക്യാമ്പുകളില്‍ താമസിച്ച് വരുന്നു. ഈ വര്‍ഷം അഭയാര്‍ഥികളായി വന്നവരും ഇക്കൂട്ടത്തിലുണ്ട്. അനാഥ മക്കള്‍ക്കൊപ്പം മുന്നൂറോളം വിധവകള്‍ കഴിയുന്നതും ഇവിടെയാണ്. 16 മസ്ജിദുകളും 20 മദ്രസകളും ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ച്‌വരുന്നു. ഇതില്‍ 250 കുട്ടികള്‍ പഠിക്കുന്ന മദ്രസ്സത്തുല്‍ മുഹാജിരീന്‍ അടക്കം രണ്ട് ബോര്‍ഡിങ് മദ്രസയുമുണ്ട്. 1600 കുട്ടികള്‍ വിവിധ മദ്രസകളില്‍ പഠിക്കുന്നു. അതോടൊപ്പം 2500ലധികം കുട്ടികള്‍ ഇപ്പോഴും തെരുവില്‍ ആക്രി പെറുക്കി നടക്കുന്നു. ജമ്മുവിലെ പല ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനകം ചെയ്യാന്‍ സാധിച്ചു. ബോര്‍ഡിങ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കാനും സാധിച്ചു. കൂടാതെ തണുത്ത കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങളും എത്തിച്ചു നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്നും വളരെ ദൂരത്തായതിനാല്‍ സഹായം അധികം എത്താത്ത മെഹ്‌വാത്ത് ക്യാമ്പിന് പ്രത്യേക ഊന്നല്‍ നല്‍കാന്‍ തീരുമാനിച്ചു. ഹരിയാനയിലെ നുഹ് ജില്ലയിലെ മെഹ്‌വാത്ത് എന്ന ഗ്രാമത്തില്‍ ഏഴ് ക്യമ്പുകളിലായി 446 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവിടെ മുസ്‌ലിംലീഗ് പ്രതിനിധികള്‍ സന്ദര്‍ശിക്കുമ്പോള്‍ കണ്ട കാഴ്ചകള്‍ അതിദയനീയമായിരുന്നു. 120 കുട്ടികള്‍ക്കായി നടത്തുന്ന മദ്രസയും 30 കുട്ടികള്‍ക്കുള്ള ബോര്‍ഡിങ് മദ്രസയും കാണാനിടയായി. മദ്രസകളിലെ സ്റ്റാഫിന് മാസ ശമ്പളം പലപ്പോഴും ലഭിക്കാറുണ്ടായിരുന്നില്ല.
കുട്ടികള്‍ക്ക് ഒരു നേരം ഭക്ഷണം അപൂര്‍വമായേ കിട്ടിയിരുന്നുള്ളൂ. വല്ലപ്പോഴും ആരെങ്കിലും വച്ചു നീട്ടുന്ന ഭക്ഷണ കിറ്റല്ലാതെ ക്യാമ്പുകളില്‍ ഒന്നുമുണ്ടായിരുന്നില്ല. പ്രാഥമികാവശ്യത്തിനുള്ള വെള്ളവും കിട്ടാക്കനിയായിരുന്നു. സമീപത്തെ ശുദ്ധജല വിതരണ കമ്പനിയുമായി സഹകരിച്ച് മെഹ്‌വാത്തിലെ എല്ലാ ക്യാമ്പിലും ആവശ്യത്തിന് വെള്ളം നല്‍കിവരുന്നു.

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ധാരാളമുള്ളത് ബംഗ്ലാദേശിലാണല്ലോ. വിവരണാതീതമാണ് അവിടത്തെ ക്യാമ്പുകളിലെ അവസ്ഥ. രോഗബാധയും പോഷകാഹാരക്കുറവും കാരണം നൂറുകണക്കിന് കുട്ടികളാണ് ക്യാമ്പുകളില്‍ ദിനേന മരിച്ചുവീഴുന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കുള്ള പ്രവാഹത്തിനിടയില്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ മുങ്ങിമരിച്ചതായുള്ള വാര്‍ത്തകളും വന്നിരുന്നു. ഈ നൂറ്റാണ്ടില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ പോലെ ദുരിതമനുഭവിച്ച മറ്റൊരു ജനതയെ പറ്റി ചരിത്രത്തിലെവിടെയും കേട്ടിട്ടില്ല. പ്രാഥമിക സൗകര്യം പോലുമില്ലാത്ത ബംഗ്ലാദേശിലെ ഈ അഭയാര്‍ഥി ക്യാമ്പുകളില്‍ സഹായമെത്തിക്കുന്നതിന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ഇടപെടലുകളുടെ ഫലമായി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മുഖേന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

മുസ്്‌ലിം ലീഗിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യാഗവണ്‍മെന്റിന്റെ തന്നെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് ആശ്വാസകരമാണ്. ബംഗ്ലാദേശിലെ പൊതു ബാങ്കിങ് സൗകര്യം ഉപയോഗിച്ച് മുസ്‌ലിംലീഗിന്റെ റിലീഫ് ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ഇതിനകം തന്നെ ഈ അക്കൗണ്ടിലേക്ക് മാറ്റി നല്‍കിയിട്ടുണ്ട്. മുസ്‌ലിംലീഗ് ദേശീയ പ്രതിനിധി സംഘം അടുത്ത മാസം ആദ്യവാരത്തില്‍ ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. പാര്‍ട്ടി നടത്തുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടുമറിഞ്ഞും മറ്റു പല സംഘടനകളും വ്യക്തികളും സഹകരിക്കാന്‍ മുന്നോട്ട്‌വന്നിട്ടുണ്ട്. ഉദാരമനസ്‌കരെയെല്ലാം ഒന്നുചേര്‍ത്ത് നന്മയുടെ മാര്‍ഗത്തില്‍ ഒരു കൂട്ടായ്മ തന്നെ രൂപപ്പെടുത്താനും സാധിച്ചിട്ടുണ്ട്.

വംശവെറിയുടെ ഇരകളായി ഒരു ജനതയൊന്നാകെ ഉരുകി ഇല്ലാതാകുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്ന് ചോദിക്കപ്പെടുക തന്നെ ചെയ്യും. നമ്മുടെ രാജ്യത്തേക്ക് അഭയാര്‍ഥികളായി എത്തിയ റോഹിന്‍ഗ്യന്‍ ജനതയുടെ കണ്ണീരൊപ്പാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ചെയ്തുവരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളെ സഹായിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുകയാണ്. ഇതിനകം തന്നെ പൊതുസമൂഹത്തിന്റെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയ മാതൃകാപരവും ദീര്‍ഘവീക്ഷണത്തോടെയുള്ള റിലീഫ് പദ്ധതികളാണ് അവര്‍ക്കായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. സാമ്പത്തിക സഹായം നല്‍കിയവരും വിവിധ ഭാഗങ്ങളില്‍നിന്ന് വസ്ത്രങ്ങള്‍ ശേഖരിച്ച് ക്യാമ്പുകളില്‍ എത്തിച്ചവരും എല്ലാറ്റിലുമുപരി ദിനേനയെന്നോണം വ്യത്യസ്ത ക്യാമ്പുകളില്‍ രാപ്പകലില്ലാതെ എത്തി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഓടി നടന്നവരുമായി ഒട്ടേറെ പേര്‍ക്ക് നന്ദി പറയാനുണ്ട്. അല്ലാഹുവിന്റെ കാരുണ്യമാണ് നമ്മുടെ അഭയം. കരുണ ചെയ്യുന്നവര്‍ക്ക്‌മേല്‍ ആ കാരുണ്യം ചൊരിയപ്പെട്ടു കൊണ്ടേയിരിക്കും. അതിനായി പ്രാര്‍ത്ഥിക്കുന്നു.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending