ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘം ഇന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ (സിഎജി) കാണും. രാവിലെ 11.15നാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, രണ്‍ദീപ് സുര്‍ജേവാല, വിവേക് തന്‍ഖ തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും.

ഇടപാടില്‍ മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്‌തെന്നാണ് കോണ്‍ഗ്രസ് ആരോപണം. രാജ്യത്തിന്റെ സുരക്ഷ മോദി അവതാളത്തിലാക്കിയെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി ഇന്നലെ ആരോപിച്ചിരുന്നു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി ഇല്ലാതാക്കുന്നതിന് കൂടുതല്‍ വിമാനങ്ങള്‍ വേണമെന്ന് സൈന്യം അറിയിച്ചിട്ടും 36 റാഫേല്‍ വിമാനങ്ങളായി മോദി വെട്ടികുറച്ചത് എന്തിനാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നത്