ദുബായ്: അഫ്ഗാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം റാഷിദ് ഖാന്റെ ഭാര്യയുടെ പേര് ഗൂഗിളില്‍ തിരഞ്ഞവര്‍ ഒന്ന് ഞെട്ടി. കാരണം മറ്റൊന്നുമല്ല, സെര്‍ച്ച് റിസല്‍ട്ടായി വന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയുടെ പേര്. പേര് മാത്രമല്ല ഒപ്പം ചിത്രവും.

വെറും 22 വയസ് മാത്രം പ്രായമുള്ള റാഷിദ് ഇതുവരെ കല്ല്യാണം പോലും കഴിച്ചിട്ടില്ല.

2017 ഡിസംബര്‍ 11നായിരുന്നു വിരാട് കോലിയും അനുഷ്‌കയും തമ്മിലുള്ള വിവാഹം. അതേ ദിവസം തന്നെയാണ് റാഷിദും അനുഷ്‌കയും വിവാഹിതരായതെന്നാണ് ഗൂഗിള്‍ പറയുന്നത്. ഗൂഗിളിന്റെ അല്‍ഗോരിതത്തിന് സംഭവിച്ച പിഴവാണ് ഇത്തരമൊരു സെര്‍ച്ച് റിസല്‍ട്ടിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018ലാണ് ഗൂഗിളിന്റെ അല്‍ഗോരിതത്തിന് പണികിട്ടിയ ആ സംഭവം നടക്കുന്നത്. ആ വര്‍ഷം നടന്ന ഒരു അഭിമുഖത്തില്‍ അനുഷ്‌ക ശര്‍മയും പ്രീതി സിന്റയുമാണ് തന്റെ ഇഷ്ട ബോളിവുഡ് നടിമാരെന്ന് റാഷിദ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഗൂഗിളില്‍ റാഷിദിന്റെ പേര് ട്രെന്‍ഡിങ്ങാകുകയും ചെയ്തു.ഇതോടെയാണ് റാഷിദിനെയും അനുഷ്‌കയേയും ഗൂഗിള്‍ പരസ്പരം ബന്ധിപ്പിച്ചത്.