മുംബൈ: പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയതിന്റെ തുടര്‍ച്ചയായി രാജ്യത്ത് 200 രൂപ നോട്ടുകളും നിലവില്‍ വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം പുതിയ 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് 200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ സംബന്ധിച്ച നിര്‍ദ്ദേശം യോഗം അംഗീകരിച്ചത്. ആര്‍ബിഐയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ജൂണിന് മാസത്തിന് ശേഷം അച്ചടി തുടങ്ങാനാണ് നീക്കം. എന്നാല്‍ 200 രൂപ നോട്ടിന്റെ സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ആര്‍ബിഐ അധികൃതര്‍ തയാറായില്ല.

500, 1000 രൂപ നോട്ടുകള്‍ കഴിഞ്ഞ നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത്. എന്നാല്‍ പിന്നാലെ പുറത്തിറക്കിയ 2000, 500 രൂപ നോട്ടുകള്‍ രാജ്യത്തെ വിപണിയില്‍ വലിയ മാറ്റമാണ് വരുത്തിയത്. രാജ്യത്തെ 86 ശതമാനം വരുന്ന 500, 1000 നോട്ടുകള്‍ക്ക് പകരം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പുറത്തിറക്കിയതാണ് വിപണിയെ കുഴക്കിയത്. വിപണിയിലെ 2000 രൂപ നോട്ടുകളുടെ ബാഹുല്യം ജനങ്ങളില്‍ ചില്ലറ ക്ഷാമം നിലനിര്‍ത്തുന്നതാണ് പുതിയ നോട്ട് പുറത്തിറക്കാനുള്ള സാഹചര്യമെന്നാണ് വിലയിരുത്തല്‍.

അതേസമയം, പിന്‍വലിച്ച നോട്ടുകളുടെ എത്രശതമാനം തിരിച്ചെത്തി എന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.