ഡോട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ബൊറുഷ്യ ഡോട്മുണ്ടിന്റെ ഗ്രൗണ്ടില്‍ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുമായി മിന്നിയപ്പോള്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു വെള്ളപ്പടയുടെ ജയം. ഗരത് ബെയ്ല്‍ റയലിന്റെ ആദ്യ ഗോള്‍ നേടി. പിയറി എമ്രിക് ഓബമിയാങ് ആണ് ഡോട്മുണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്.

കെവിന്‍ ഡിബ്രുയ്‌നെ, റഹീം സ്റ്റര്‍ലിങ് എന്നിവരുടെ ഗോളുകളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഷാഖ്തര്‍ ഡോണസ്‌കിനെ തോല്‍പ്പിച്ചപ്പോള്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണാക്കോയ്ക്ക് സ്വന്തം ഗ്രൗണ്ടില്‍ അടി തെറ്റി. എഫ്.സി പോര്‍ട്ടോ ആണ് മൊണാക്കോയെ മൂന്നു ഗോളിന് തകര്‍ത്തത്. വിന്‍സന്റ് അബൂബക്കര്‍ (രണ്ട്), മിഗ്വേല്‍ ലയുന്‍ എന്നിവര്‍ സന്ദര്‍ശകരുടെ ഗോളുകള്‍ നേടി.

വിസ്സാം ബിന്‍ യെദ്ദര്‍ ഹാട്രിക് നേടിയ മത്സരത്തില്‍ സെവിയ്യ മാരിബോറിനെ തകര്‍ത്തു. ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂളിനെ സ്പാര്‍ട്ടക് മോസ്‌കോ 1-1 സമനിലയില്‍ തളച്ചു.