മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ക്ലാസിക് പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന റയല്‍ മാഡ്രിഡ്-ബയേണ്‍ മ്യൂണിക് ക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന്. യുവേഫയുടെ ക്ലബ്ബ് റാങ്കിങ് കണക്കുകള്‍ അടിസ്ഥാനമാക്കിയാണെങ്കില്‍ കഴിഞ്ഞ അഞ്ച് സീസണുകളിലെ കണക്കെടുത്താല്‍ ഒന്നാം റാങ്കില്‍ റയല്‍ മാഡ്രിഡും രണ്ടാം സ്ഥാനത്ത് ബയേണ്‍ മ്യൂണികുമാണെന്ന് നിസംശയം പറയാം. ഇത്തവണയും സ്പാനിഷ് ലീഗില്‍ ചാമ്പ്യന്‍ പട്ടം ഏറെക്കുറെ റയലിന്റെ വരുതിയില്‍ തന്നെയാണ്. അലയന്‍സ് അറീനയില്‍ നടക്കുന്ന ആദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത് ബെയില്‍ എന്നിവരടങ്ങുന്ന റയലിന്റെ താര നിരക്ക് അവരുടെ മുന്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി യുടെ ബയേണിനെതിരെ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. അതേ സമയം ബയേണിന്റെ പോളണ്ട് താരം റോബര്‍ട്ട് ലെവന്റോസ്‌കി ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. എന്നാല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നാണ് ആഞ്ചലോട്ടി പറയുന്നത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെറുതായി പരിക്കേറ്റിട്ടുണ്ടെങ്കിലും ലൂയി റയലിനെതിരായ നിര്‍ണായക മത്സരത്തിനുണ്ടാകും ആഞ്ചലോട്ടി കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഷനു ശേഷം ഫിലിപ് ലാം തിരിച്ചെത്തുന്നുവെന്നത് ബയേണിന് ആശ്വാസമാണ്. എന്നാല്‍ കണങ്കാലിന് പരിക്കേറ്റ മാറ്റ്‌സ് ഹമ്മല്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങില്ല. റയലിനും പരിക്കാണ് വില്ലന്‍. റാഫേല്‍ വരാനെ, പെപെ എന്നിവര്‍ മത്സരത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. ഫാബിയോ കോണ്‍ഡ്രാവോയും ഇന്നിറങ്ങില്ല. ഇരു ടീമുകളും തമ്മില്‍ യൂറോപ്യന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ മുഖാമുഖം വരുന്നത് ഇത് 23-ാം തവണയാണ്. ബയോണുമായുള്ള മത്സരത്തില്‍ 11 ഏവേ മത്സരങ്ങളില്‍ ഒമ്പതിലും തോറ്റ ചരിത്രമാണ് റയലിനുള്ളത്. അതേ സമയം 2014ല്‍ അലയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ 4-0നു റയല്‍ വിജയിച്ചിരുന്നു. അഞ്ചു തവണയാണ് ഇരു ടീമുകളും നോക്ക് ഔട്ട് റൗണ്ടില്‍ പുറത്തായത്. സ്വന്തം തട്ടകത്തില്‍ അവസാനം കളിച്ച 16 മത്സരങ്ങളും വിജയിച്ച ചരിത്രമാണ് ബയേണിനുള്ളത്. 58 ഗോളുകള്‍ എതിരാളികളുടെ വലയില്‍ അടിച്ചു കയറ്റിയപ്പോള്‍ സ്വന്തം തട്ടകത്തില്‍ ഒമ്പത് ഗോളുകള്‍ മാത്രമാമാണ് ജര്‍മന്‍ ക്ലബ്ബ് വഴങ്ങിയിട്ടുള്ളത്. അലയന്‍സ് അറീനയില്‍ അവസാനമായി തോറ്റത് 2014ല്‍ റയലിനോടായിരുന്നു. അതേ സമയം ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരത്തില്‍ പോലും പരാജയപ്പെട്ടിട്ടില്ലെന്നത് റയലിനും കരുത്ത് പകരുന്നുണ്ട്. സീസണിലെ എട്ടു ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും ചുരുങ്ങിയത് രണ്ട് ഗോളുകളെങ്കിലും റയല്‍ നേടിയിട്ടുണ്ട്. കടലാസില്‍ ഇരു ടീമുകളും കരുത്തരാണെന്നതിനാല്‍ കളത്തിലും ഈ വീര്യം പ്രകടമാവുമെന്ന് ഉറപ്പാണ്.