അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ബ്ലൂടൂത്തും വൈഫൈയും ഉപയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. പരാതി ഉയര്‍ന്ന പോളിങ് ബൂത്തില്‍ സാങ്കേതിക വിദഗ്ധര്‍ അടങ്ങിയ സംഘം പരിശോധന നടത്തിയതായും ആരോപണം സാധൂകരിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഏത് മൊബൈല്‍ ഫോണ്‍ ഡിവൈസിനും ഇ.സി.ഒ എന്ന് പേര് നല്‍കാന്‍ കഴിയും. ഇത്തരത്തില്‍ ഡിവൈസിനു പേരു നല്‍കിയ ആരെങ്കിലും പോളിങ് ബൂത്തിനു സമീപം ബ്ലൂടൂത്ത് ഓണ്‍ ചെയ്താല്‍ മറ്റുള്ളവരുടെ മൊബൈല്‍ ഫോണില്‍ അത് തെളിഞ്ഞുവരും.

പരാതി ഉയര്‍ന്ന പോളിങ് ബൂത്തില്‍ പോളിങ് ഏജന്റായ മനോജ് സിംഗാര്‍ക്യ എന്നയാളുടെ ഫോണില്‍നിന്നാണ് ഇ.സി.ഒ 105 എന്ന സിഗ്നല്‍ പ്രവഹിച്ചതെന്ന് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചതായി പിന്നീട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബി.ബി സൈ്വന്‍ പറഞ്ഞു. പോര്‍ബന്തര്‍ റിട്ടേണിങ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായും ഇത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചതായും സൈ്വന്‍ കൂട്ടിച്ചേര്‍ത്തു.

വൈഫൈയും ബ്ലൂടൂത്തും ഉപയോഗിച്ച് വോട്ടിങ് മെഷീനുകളെ പോളിങ് ബൂത്തിനു പുറത്തുള്ള ചില കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചതായി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസാണ് പരാതി ഉന്നയിച്ചത്.

മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ മേമന്‍വാഡയിലെ മൂന്ന് പോളിങ് ബൂത്തുകളിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോദവാദിയ മാധ്യമങ്ങളോട് പറഞ്ഞു. പോര്‍ബന്ധര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയായ മോദവാദിയ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് പരാതി നല്‍കി. ഇ.സി.ഒ എന്ന പേരിലുള്ള ബ്ലൂടൂത്ത് ഓണ്‍ചെയ്ത നിലയില്‍ കാണിക്കുന്ന മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്.