മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ഇടതുപക്ഷ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ജാതിയുടെ പേരില്‍ പിറകിലാക്കപ്പെട്ടവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി വിഭാവനം ചെയ്യപ്പെട്ട സംവരണത്തെ അട്ടിമറിക്കുന്നതിനായി ആര്‍.എസ്.എസ് വിഭാവനം ചെയ്ത സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന ഇടതു സര്‍ക്കാര്‍ നയത്തിനെതിരെ സ്വന്തം പാര്‍ട്ടി അണികള്‍ പോലും ശക്തമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സി.പി.എമ്മിനെ സജീവമായി ന്യായീകരിക്കാറുള്ള പ്രമുഖര്‍ പോലും പരസ്യ വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടി സംവരണം ഏര്‍പ്പെടുത്തുന്നതിനു വേണ്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ചു കൊണ്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്‍ പ്രതിഷേധമാണ് വിളിച്ചു വരുത്തിയത്. ആര്‍.എസ്.എസ്സിന്റെ ആശയം നടപ്പാക്കാന്‍ ബി.ജെ.പിയോട് ‘വെല്ലുവിളി’ നടത്തുന്ന കോടിയേരിക്ക്, സംവരണത്തിന്റെ ലക്ഷ്യവും അടിസ്ഥാന തത്വവും ഇനിയും മനസ്സിലായിട്ടില്ലെന്നാണ് പ്രധാന വിമര്‍ശനം. മുന്നാക്ക സംവരണം ന്യായീകരിച്ച് പോസ്റ്റിട്ട എം.ബി രാജേഷ് എം.പിയുടെ പേജിലും ശക്തമായ ചോദ്യങ്ങളാണ് ഉയര്‍ത്തപ്പെടുന്നത്. സി.പി.എം അണികളും സജീവ പാര്‍ട്ടി പ്രവര്‍ത്തകരുമാണ് ഈ ചോദ്യങ്ങളുന്നയിക്കുന്നവരില്‍ ഭൂരിഭാഗവും.

സി.പി.എം നയങ്ങളെ ന്യായീകരിക്കുന്നതിന് പേരുകേട്ട ദീപക് ശങ്കരനാരായണന്‍ കോടിയേരിയുടെ പോസ്റ്റിനെപ്പറ്റി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘ചരിത്രത്തിലാദ്യമായി ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ എസ് എസ്സിന് വഴികാട്ടിയാവുന്നു. നരേന്ദ്രമോഡിയുടെ ഗുജറാത്തിനുശേഷം സാമ്പത്തിക സംവരണത്തിനുവേണ്ടി ദാഹിക്കുന്ന അടുത്ത സംസ്ഥാനം എന്ന് കേരളം ചരിത്രത്തില്‍ അറിയപ്പെടും’ എന്ന് ദീപക് പറയുന്നു. മുന്നാക്ക സംവരണത്തിനു വേണ്ടിയുള്ള ഭരണഘടനാ ഭേദഗതിക്കു വേണ്ടി സി.പി.എം വോട്ടു ചെയ്താല്‍ കേമമാവും എന്നും ദീപക് പരിഹസിക്കുന്നുണ്ട്.

സജീവ സി.പി.എമ്മുകാരനായ ഒരു പ്രമുഖ ഓണ്‍ലൈന്‍ ജേണലിസ്റ്റ് സര്‍ക്കാര്‍ നയത്തിനെതിരെ ഇംഗ്ലീഷില്‍ ചെറിയ കുറിപ്പ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചെങ്കിലും പെട്ടെന്നു തന്നെ പിന്‍വലിച്ചു. അതേസമയം, മുന്നാക്ക സംവരണം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉണ്ടായിരുന്നു എന്ന് ‘ഓര്‍മിപ്പിച്ച’ റോഷന്‍ തോമസിന് സി.പി.എം അണികള്‍ തന്നെ ശക്തമായ മറുപടികളാണ് നല്‍കുന്നത്.

ഇടതു ചിന്തകരായ സണ്ണി എം.പി കടിക്കാട്, സുനില്‍ പി. ഇളയിടം, മാധ്യമ പ്രവര്‍ത്തകന്‍ സനീഷ് ഇളയിടത്ത് തുടങ്ങിയ അനേകം പേര്‍ സര്‍ക്കാര്‍ നയത്തിനെതിരെ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. അതേസമയം, എല്ലാ വിഷയങ്ങളിലും സി.പി.എമ്മിനെ ന്യായീകരിക്കാന്‍ മത്സരിക്കുന്ന ഫേസ്ബുക്ക് ബുദ്ധിജീവികളില്‍ മിക്കവരും സംവരണ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.