ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍. മോദിക്ക് മാധ്യമങ്ങളെ ഭയമാണ്, തനിക്കെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഭയമുള്ളതിനാലാണ് മോദി മാധ്യമങ്ങളെ കാണാത്തതെന്ന് കബില്‍ സിബില്‍.

പ്രധാനമന്ത്രി നിലവില്‍ ചെയ്യുന്നത് വെറുമൊരു തെരഞ്ഞെടുപ്പ് പ്രചാരകന്റെ ജോലിയാണെന്നും കപില്‍ ആരോപിച്ചു. അടുത്ത മാസം ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിക്കെതിരെ കപില്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇത്രയും കാലം മാധ്യമങ്ങളെ കാണാതിരിക്കുന്നത്. തനിക്കെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മോദിക്ക് ഭയമാണ് അതിനാലാണ് മോദി ഒരു പത്രസമ്മേളനം പോലും വിളിക്കാത്തത്് കപില്‍ ആരോപിച്ചു. ഭരണ രംഗത്ത് മോദി നല്‍കിയ വലിയ വാഗ്ദാനങ്ങളെല്ലാം പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് എവിടെ തെരഞ്ഞെടുപ്പ് നടന്നാലും അവിടെ ഓടിയെത്തലാണ് മോദിയുടെ പ്രധാന പണി. തെരഞ്ഞെടുപ്പ് പ്രചാരകരാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഒരു പ്രധാനമന്ത്രി ചെയ്യേണ്ട പണിയല്ല ഇത്. പ്രധാനമന്ത്രി ആയതിന് ശേഷം മോദി 15 ദിവസം മാത്രമാണ് ഗുജറാത്തില്‍ ചിലവഴിച്ചതെന്നും സിബല്‍ പറഞ്ഞു.

ഗുജറാത്ത് വികസനത്തെ കുറിച്ചുള്ള ബി.ജെ.പി വാദങ്ങളെ കബില്‍ ചോദ്യം ചെയ്തു. ഗുജറാത്തിലെ ഏതെങ്കിലും മേഖലയില്‍ വികസനവും വളര്‍ച്ചയും ഉണ്ടായതായി കാണിച്ച് തരാന്‍ കഴിയുമോ എന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ കപില്‍ വെല്ലുവിളിച്ചു. സാമ്പത്തിക വിപ്ലവത്തെക്കുറിച്ച് പ്രസംഗിക്കുന്ന മോദി വസ്തുതയിലിലാത്ത കാര്യങ്ങളാണ് പറയുന്നതെന്നും നുണപ്രചരണമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.