Connect with us

india

‘രേവണ്ണയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ’; ആരോപണവുമായി എം.എൽ.എ

ബിജെപി ഭാരവാഹികളിൽ പലരും പ്രധാനപ്പെട്ട വ്യക്തികളുടെ അശ്ലീല വീഡിയോകൾ കൈവശം വച്ചിരിക്കുകയാണെന്നും സ്വന്തം എംഎൽഎമാരെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുകയാണെന്നും യത്‌നാൽ ആരോപിച്ചു

Published

on

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനും ഹസന്‍ മുന്‍ എം.പിയുമായ പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോയുടെ പെന്‍ഡ്രൈവുകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണെന്ന ആരോപണവുമായി ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍. ‘കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ വിജയേന്ദ്രയുടെ നിര്‍ദേശപ്രകാരമാണ് പെന്‍ഡ്രൈവുകള്‍ വിതരണം ചെയ്തത്. എത്രപേര്‍ക്ക് അദ്ദേഹം പെന്‍ഡ്രൈവുകള്‍ വിതരണം ചെയ്തു?…ധൈര്യമുണ്ടെങ്കില്‍ അദ്ദേഹം ഉത്തരം പറയട്ടെ…’വിജയപുര നിയമസഭാംഗമായ യത്നാല്‍ വെല്ലുവിളിച്ചു.

ബി.ജെ.പി ഭാരവാഹികളില്‍ പലരും പ്രധാനപ്പെട്ട വ്യക്തികളുടെ അശ്ലീല വീഡിയോകള്‍ കൈവശം വച്ചിരിക്കുകയാണെന്നും സ്വന്തം എം.എല്‍.എമാരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയാണെന്നും യത്നാല്‍ ആരോപിച്ചു.

വിജയേന്ദ്രയ്‌ക്കെതിരായ ആരോപണങ്ങള്‍ കര്‍ണാടകയിലെ ബി.ജെ.പിക്കുള്ളില്‍ പുകയുന്ന ഭിന്നതയെയാണ് മറനീക്കി പുറത്ത് വരുന്നത്. നിരവധി മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തെ അവഗണിച്ച് യെദ്യൂരപ്പയുടെ ഇളയ മകനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത് മുതല്‍ ഈ ഭിന്നത മറനീക്കി പുറത്ത് വരുന്നുണ്ട്. യത്നാലും ബിജെപി എം.എല്‍.എ രമേഷ് ജാര്‍ക്കിഹോളിയുമടക്കമുള്ളവര്‍ യെദ്യൂരപ്പ കുടുംബത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

‘യെദ്യൂരപ്പ ഒരു പാര്‍ട്ടിയുടെയും വേദിയില്‍ വരരുത്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്, കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഒരു വേദിയിലും വരരുതെന്ന് പാര്‍ട്ടി യെദ്യൂരപ്പയോട് നിര്‍ദേശിക്കണം. സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കണമെന്ന് അദ്ദേഹം പ്രസംഗങ്ങള്‍ നടത്തുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ മകനുമെതിരെ തട്ടിപ്പ് കേസുകളുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കുമോ അതോ അവര്‍ക്കെതിരെ നടപടിയെടുക്കുമോ എന്നാണ് എനിക്ക് ഹൈക്കമാന്‍ഡിനോട് ചോദിക്കാനുള്ളത്… ‘അദ്ദേഹം പറഞ്ഞു.

വിജയേന്ദ്രയെയും യെദ്യൂരപ്പയെയും കുറിച്ച് യത്നാലിന് പല കാര്യങ്ങളും അറിയാമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ”വിജയേന്ദ്രയ്ക്കും യെദ്യൂരപ്പയ്ക്കും അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ ഇതിനോട് യോജിക്കുന്നു. അദ്ദേഹത്തിന്റെ മറ്റ് പ്രസ്താവനകളെക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ”ദിനേഷ് ഗുണ്ടു റാവു പ്രതികരിച്ചു.

ലൈംഗിക പീഡനകേസില്‍ ജയിലില്‍ കഴിയുന്ന പ്രജ്വലിന്റെ ജാമ്യാപേക്ഷ അടുത്തിടെ പ്രത്യേക കോടതി തള്ളിയിരുന്നു. പീഡനദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജര്‍മനിയിലേക്ക് കടന്ന പ്രജ്വല്‍ മേയ് 31 ന് മടങ്ങിവന്നപ്പോഴാണ് അറസ്റ്റിലാകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു.

Published

on

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു.

ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരന്‍. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Continue Reading

india

‘2 ദിവസത്തിനകം രാജി; ഓരോ വീട്ടിലുമെത്തും, ജനം തീരുമാനിക്കട്ടെ ഞാൻ മുഖ്യമന്ത്രിയാകണമോയെന്ന്’

ജനങ്ങള്‍ തീരുമാനിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Published

on

നിര്‍ണായക പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നും രാജി രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രതികരണം. അഗ്നിപരീക്ഷക്ക് തയ്യാറെന്നും ജനവിധിയോടെ തിരിച്ചു വരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങള്‍ തീരുമാനിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. നവംബറില്‍ തെരഞ്ഞെടുപ്പ് വേണം. ഞാന്‍ സത്യസന്ധന്‍ എന്ന് ബോധ്യപ്പെട്ടാല്‍ വോട്ട് ചെയ്താല്‍ മതി. മഹാരാഷ്ട്ര ക്ക് ഒപ്പം ഡല്‍ഹി തിരഞ്ഞെടുപ്പ് നടത്തണം. താല്‍ക്കാലിക മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും – കെജ്‌രിവാള്‍ വ്യക്തമാക്കി. സിസോദിയ മുഖ്യമന്ത്രിയാകില്ലെന്നും താനും സിസോദിയയും ജനവിധി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ ശ്രമം തന്റെ ആവേശം കെടുത്താനെന്നും ആം ആദ്മി സര്‍ക്കാറിനെ താഴെയിറക്കാന്‍ ആണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

അന്നപൂർണ ഹോട്ടലുടമ ധനമന്ത്രിയോട് മാപ്പുപറയുന്ന വിഡിയോ പ്രചരിപ്പിച്ച ബി.ജെ.പി നേതാവ് പുറത്ത്

കേന്ദ്രമന്ത്രിയോടു മാപ്പുപറയുന്നതിന്റെ വിഡിയോ ബിജെപി നേതാവുതന്നെ പുറത്തുവിട്ടത് വിവാദമായിരുന്നു. 

Published

on

കേന്ദ്രമന്ത്രി നിർമല സീതാരാമനോട് മാപ്പ് പറയുന്ന ഹോട്ടലുടമയുടെ വിഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ പാർട്ടി നേതാവിനെ പുറത്താക്കി ബിജെപി. തമിഴ്നാട്ടിലെ അന്നപൂർണ ഹോട്ടൽസ് ഉടമ ഡി. ശ്രീനിവാസൻ, ജിഎസ്ടി നിരക്ക് വിഷയത്തിൽ നടത്തിയ പ്രതികരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് മാപ്പ് ചോദിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഹോട്ടലുകളിൽ വിളമ്പുന്ന വിവിധയിനം ഭക്ഷണങ്ങൾ വിവിധ തരത്തിൽ ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. കേന്ദ്രമന്ത്രിയോടു മാപ്പുപറയുന്നതിന്റെ വിഡിയോ ബിജെപി നേതാവുതന്നെ പുറത്തുവിട്ടത് വിവാദമായിരുന്നു.

തമിഴ്നാട് സിംഗനല്ലൂർ മണ്ഡൽ പ്രസിഡന്റ് ആർ. സതീഷിനെ പദവിയിൽനിന്നും പാർട്ടി അംഗത്വത്തിൽനിന്നു പുറത്താക്കിയതായി കോയമ്പത്തൂർ ജില്ലാ പ്രസിഡന്റ് ജെ.രമേഷ് കുമാർ വാർത്താക്കുറിപ്പ് ഇറക്കി. വിഡിയോ പുറത്തുവന്നതിനുപിന്നാലെ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ ക്ഷമാപണവുമായെത്തിയിരുന്നു. തമിഴ്നാട് ഹോട്ടൽസ് അസോസിയേഷൻ ഓണററി പ്രസിഡന്റ് കൂടിയാണ് ശ്രീനിവാസൻ.

കോയമ്പത്തൂർ സൗത്ത് ബിജെപി എംഎൽഎ വാനതി ശ്രീനിവാസന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കോയമ്പത്തൂരിൽ നിർമല സീതാരാമൻ പങ്കെടുത്ത വ്യവസായ സംരംഭകരുടെ യോഗത്തിൽ തമിഴ്നാട് ഹോട്ടൽ അസോസിയേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശ്രീനിവാസൻ, ഭക്ഷണ സാധനങ്ങൾക്ക് വ്യത്യസ്തനിരക്കിൽ ജിഎസ്ടി ഈടാക്കുന്നതിനെതിരെ പറഞ്ഞിരുന്നു.
ജിഎസ്ടിയിലെ ചില സങ്കീർണതകൾ കംപ്യൂട്ടറിനു പോലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി നിർമല സീതാരാമന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച കോയമ്പത്തൂരിൽ നടന്ന യോഗത്തിൽ അന്നപൂർണ ഹോട്ടൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡി.ശ്രീനിവാസൻ ചൂണ്ടിക്കാട്ടിയിരുന്നു. ബണ്ണിനു ജിഎസ്ടി ഇല്ലെങ്കിലും ബട്ടറിനു 18% നികുതി ഈടാക്കുന്നതിനാൽ ബണ്ണും ക്രീമും വെവ്വേറെ മതിയെന്ന് ഉപഭോക്താക്കാൾ ആവശ്യപ്പെടുന്നതായി തമാശമട്ടിൽ പറയുകയും ചെയ്തു.

മറുപടിപ്രസംഗത്തിൽ മന്ത്രി ശ്രീനിവാസനെ വിമർശിക്കുകയും തെറ്റായ വാദമാണെന്നു വിശദമാക്കുകയും ചെയ്തു. ശ്രീനിവാസന്റെ പ്രസംഗം വ്യാപകമായി പ്രചരിച്ചതോടെ ബിജെപി കേന്ദ്രങ്ങളിലും അസ്വസ്ഥത പടർന്നു. തുടർന്നാണു കേന്ദ്രമന്ത്രിയെ നേരിൽ കണ്ട‌ു മാപ്പ് പറയാൻ ഹോട്ടലുടമ നിർബന്ധിതനായത്. താനൊരു പാർട്ടിയിലും അംഗമല്ലെന്നു വ്യക്തമാക്കിയശേഷം ശ്രീനിവാസൻ മാപ്പപേക്ഷ നടത്തുന്നതാണു വിഡിയോയിലുള്ളത്.

ഹോട്ടലുടമയെ മാപ്പു പറയാൻ നിർബന്ധിച്ച സംഭവം, കാര്യങ്ങൾ തുറന്നുപറയുന്നതിനോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനമാണു തുറന്നുകാട്ടിയതെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും വിമർശിച്ചു. തമിഴ്നാട്ടിലെങ്ങും പ്രതിഷേധം ഉയർന്നതോടെയാണു വിഡിയോ പുറത്തുവിട്ടതിൽ അണ്ണാമലൈ ക്ഷമാപണം നടത്തിയത്. എന്നാൽ, ആരും ഹോട്ടലുടമയെ സമ്മർദത്തിലാക്കിയിട്ടില്ലെന്നും അദ്ദേഹം സ്വയം ഖേദം പ്രകടിപ്പിക്കുകയായിരുന്നെന്നും ബിജെപി എംഎൽഎ വാനതി ശ്രീനിവാസൻ പറഞ്ഞു.

Continue Reading

Trending