Sports
കൊറിയക്ക് ദൗര്‍ഭാഗ്യത്തിന്റെ മടക്ക ടിക്കറ്റ്
മുഹമ്മദ് ഷാഫി
സ്വീഡന് 1 – ദക്ഷിണ കൊറിയ 0
#SWEKOR
ഹോളണ്ടിന്റെ ചെലവിലാണ് സ്വീഡന് ലോകകപ്പിന് ടിക്കറ്റ് നേടിയത്. യൂറോപ്യന്‍ യോഗ്യതാ മേഖലയിലെ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സിനു പിന്നിലായി സ്വീഡനും ഹോളണ്ടും തുല്യപോയിന്റാണ് പങ്കിട്ടിരുന്നതെങ്കിലും ഗോള്‍ വ്യത്യാസം സ്വീഡുകള്‍ക്ക് തുണയായി. രസകരമായ യാഥാര്‍ത്ഥ്യം യോഗ്യതാ മത്സരങ്ങളില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും സ്വീഡന് ഹോളണ്ടിനോട് തോല്‍ക്കുകയായിരുന്നു എന്നതാണ്. ഫുട്ബോളിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളെപ്പറ്റി സംസാരിക്കവെ ആര്യന് റോബന് ഇക്കാര്യം പിന്നീട് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യ 2018-ന് ഓറഞ്ചു വസന്തം നിഷേധിച്ച ടീം എന്ന അപ്രിയം സ്വീഡനോട് എനിക്ക് ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുന്നേയുണ്ട്. പ്ലേ ഓഫില്‍ ഇറ്റലിയുടെ കൂടി വഴിമുടക്കിയാണ് അവര്‍ വന്നത്. മാത്രവുമല്ല, ഒരിക്കല്‍ വിരമിച്ച സ്ലാറ്റന് ഇബ്രാഹിമോവിച്ച് തിരിച്ചുവരാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടും കോച്ച് യാനി ആന്റേഴ്സണ് ചെവി കൊടുത്തതുമില്ല. ഇന്ന് ഗ്രൂപ്പ് എഫില്‍ അവര്‍ ദക്ഷിണ കൊറിയയെ നേരിടുമ്പോള്‍ എനിക്ക് ഏഷ്യന്‍ പക്ഷം പിടിക്കാന്‍ ഇതൊക്കെ മതിയായ കാരണങ്ങളായിരുന്നു.
പക്ഷേ, മത്സരം ഒരു ഘട്ടത്തില്‍പോലും ആകര്‍ഷകമായിരുന്നില്ല. ഇരു ഗോള്‍മുഖങ്ങളിലേക്കും തുടരെത്തുടരെ ആക്രമണങ്ങള്‍ നയിക്കപ്പെട്ടെങ്കിലും സ്വീഡന് തങ്ങള്‍ പിന്നിട്ട പാതകളെ സാധൂകരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരിക്കല്‍ക്കൂടി വി.എ.ആര് റഫറിയുടെ തീരുമാനത്തെ റദ്ദ് ചെയ്തപ്പോള്‍ മത്സരത്തിലെ ഏക പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്ടന് ആന്ദ്രേ ഗ്രാന്‍ക്വിസ്റ്റ് സ്വീഡന് ജയം സമ്മാനിച്ചു. കായബലത്തിലും പ്രതിരോധത്തിലും അവര്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ, മികവിന്റെ നാലയലത്തു പോലുമല്ലാഞ്ഞിട്ടും ദക്ഷിണ കൊറിയ ഒപ്പത്തിനൊപ്പം നിന്നു. കിട്ടിയ മികച്ച അവസരങ്ങളില്‍ ഏതെങ്കിലുമൊന്ന് വലയിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ എന്ന് തോന്നുന്നു.
ടോട്ടനം ഹോട്സ്പറിന്റെ ഹ്യൂങ് മിന് സോനിനൊപ്പം തുടക്കത്തില്‍ എന്റെ ശ്രദ്ധ കവര്‍ന്നത് കൊറിയയുടെ ഇടതു വിങ്ബാക്ക് ആയി കളിച്ച ജൂ ഹൂ പാര്‍ക്ക് ആയിരുന്നു. ആദ്യ മിനുട്ടുകളില്‍ കൊറിയ നടത്തിയ ആക്രമങ്ങളിലെല്ലാം അയാള്‍ക്ക് പങ്കുണ്ടായിരുന്നു. എതിര് ഗോള്‍മുഖം വരെ കടന്നുചെല്ലുന്ന അയാള്‍ സ്വീഡിഷ് മധ്യനിരക്കും ഡിഫന്‍സിനും തലവേദന സൃഷ്ടിച്ചു. പക്ഷേ, 28-ാം മിനുട്ടില്‍ ഒരു ഹൈബോളിനു വേണ്ടി ഉയര്‍ന്നുചാടിയ അയാളെ ഹാംസ്ട്രിങ് ചതിച്ചു. യൂറോപ്യന്മാരുടെ വലിയൊരു തലവേദന ഒഴിയുകയും ചെയ്തു.
ആദ്യപകുതിയിലെ വേഗത രണ്ടാം പകുതി തുടങ്ങിയപ്പോള്‍ ഇരുകൂട്ടര്‍ക്കുമുണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ കൊറിയ എതിരാളികളെ കളിക്കാന്‍ വിട്ട് ഒരു സമനിലയെപ്പറ്റി ചിന്തിക്കുന്നതായി പോലും തോന്നി. എന്നാല്‍ 65-ാം മിനുട്ടിലെ പെനാല്‍ട്ടി മത്സരത്തിന്റെ ഗതി മാറ്റി. യഥാര്‍ത്ഥത്തില്‍ കിം മിന് വൂവിന്റേത് പന്ത് ക്ലിയര്‍ ചെയ്യാന്‍ വേണ്ടി മാത്രമുള്ള ചാലഞ്ച് ആയിരുന്നു. ക്ലാസന്റെ സാമര്‍ത്ഥ്യവും അതിനേക്കാള്‍ സ്വീഡന്റെ ഭാഗ്യവുമാണ് അത് പെനാല്‍ട്ടിയായി വിധിക്കപ്പെട്ടത്. പെനാല്‍ട്ടി സ്പോട്ടിലെ സമ്മര്‍ദം അതിജയിക്കാന്‍ ഗ്രാന്‍ക്വിസ്റ്റ് ഒന്നര പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിലെ പരിചയ സമ്പത്ത് മുഴുവന്‍ ഉപയോഗപ്പെടുത്തിക്കാണണം. അത്ര കൂളായിരുന്നു ആ പ്ലേസിങ്. നിരവധി ആക്രമണങ്ങളുടെ മുനയൊടിച്ച 19-ാം നമ്പറുകാരന് ഫുള്‍ബാക്ക് കിം മിന് വൂ ആ പെനാല്‍ട്ടിക്ക് കാരണമായി എന്നതാണ് സങ്കടമായത്.
അവസാന ഘട്ടമായപ്പോള്‍ എല്ലാവരെയും സ്വന്തം ഹാഫിലേക്ക് വിളിച്ചാണ് സ്വീഡന് പ്രതിരോധിച്ചത്. എന്നിട്ടും സുവര്ണാവസരങ്ങള് കൊറിയക്ക് ലഭിച്ചിരുന്നു. പക്ഷേ, ഫിനിഷിങിലെ പോരായ്മയും ദൗര്‍ഭാഗ്യവും അവര്‍ക്ക് വിലങ്ങുതടിയായി. ഇതോടെ അവര്‍ ഏറെക്കുറെ പുറത്താവുകയും ചെയ്തു. മെക്സിക്കോയോട് തോല്‍വി വഴങ്ങിയെങ്കിലും ജര്‍മനിക്ക് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ വലിയ പ്രയാസമുണ്ടാവില്ലെന്ന തോന്നലാണ് സ്വീഡന് – കൊറിയ മത്സരം എന്നിലുണ്ടാക്കിയത്. അതോ, ഇന്ന് പുറത്തെടുക്കാത്ത വല്ല വജ്രായുധവും സ്വീഡുകളുടെ കൈവശം ഉണ്ടായിരിക്കുമോ?
Sports
വനിതാ പ്രീമിയര്‍ ലീഗ്: നാലാം സീസണ് താരലേലം ഇന്ന്
പകല്‍ മൂന്നരയ്ക്കാണ് ന്യൂഡല്‍ഹിയില്‍ ലേലം ആരംഭിക്കുന്നത്.
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗിന്റെ (WPL) നാലാം സീസണിനുള്ള താരലേലം ഇന്ന് നടക്കും. പകല്‍ മൂന്നരയ്ക്കാണ് ന്യൂഡല്‍ഹിയില്‍ ലേലം ആരംഭിക്കുന്നത്.
194 ഇന്ത്യന്‍ താരങ്ങളും 83 വിദേശ താരങ്ങളും ഉള്‍പ്പെടെ ആകെ 277 താരങ്ങളാണ് ലേലത്തിനൊരുങ്ങുന്നത്. അഞ്ച് ടീമുകള്‍ക്ക് ലേലത്തിലൂടെ 73 താരങ്ങളെ മാത്രം സ്വന്തമാക്കാനാകും. ഇതില്‍ 50 ഇന്ത്യന്‍ താരങ്ങള്‍ക്കും 23 വിദേശതാരങ്ങള്‍ക്കും അവസരം ലഭിക്കും. ഓരോ ടീമിനും പരമാവധി 18 താരങ്ങളെ – അതില്‍ ആറ് വിദേശ താരങ്ങളെ – ഉള്‍പ്പെടുത്താം. ടീമുകളുടെ പണംപരിധി പതിനഞ്ച് കോടി രൂപയാണ്.
മലையாளി താരങ്ങളായ മിന്നു മണി, സജന സജീവന്, വി.ജെ. ജോഷിത, സി.എം.സി. നജ്ല, ആശാ ശോഭന, പണവി ചന്ദ്രന്, സലോനി എന്നിവര്‍ ലേലപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നാലാം സീസണ് ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 7 വരെ നടക്കും.
Sports
ചാമ്പ്യന്‍സ് ലീഗ്; എംബാപ്പെയുടെ മായാജാലത്തില്‍ റയല്‍
ത്രില്ലറിനൊടുവില്‍ റയല്‍ മാഡ്രിഡ് നാല്-മൂന്ന് (43) എന്ന സ്കോറിന് ജയം സ്വന്തമാക്കി.
ഗ്രീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരങ്ങള്‍ ആവേശം പടര്‍ത്തി. ഒളിമ്പ്യാകാസിനെതിരെ കിലിയന്‍ എംബാപ്പെ കാട്ടിയ അസാമാന്യ പ്രകടനമാണ് ഇന്നത്തെ പ്രധാന ഹൈലൈറ്റ്. ത്രില്ലറിനൊടുവില്‍ റയല്‍ മാഡ്രിഡ് നാല്-മൂന്ന് (43) എന്ന സ്കോറിന് ജയം സ്വന്തമാക്കി.
മത്സരം ആരംഭിച്ച് എട്ടാം മിനിറ്റില്‍ ഒളിമ്പ്യാകാസ് ‘ചിക്വിഞ്ഞോ’യുടെ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും തുടര്‍ന്ന് എംബാപ്പെയുടെ ഷോ. 22, 24, 29, 60 മിനിറ്റുകളില്‍ നാല് അത്യുഗ്രന്‍ ഗോളുകള്‍ അടിച്ചുകൂട്ടി ഫ്രഞ്ച് സൂപ്പര്‍താരം റയലിനെ മുന്നിലെത്തിച്ചു. ഒളിമ്പ്യാകാസിന് വേണ്ടി മെഹ്ദി തരേമി (52′)യും അയൂബ് എല്‍കാബി (81′)യും ഗോള്‍ നേടി.
ഇന്നത്തെ മറ്റൊരു വലിയ വാര്‍ത്ത ലണ്ടനില്‍ നിന്നാണ്. ബയേണ്‍ മ്യൂണിക്കിന്റെ 18 മത്സരങ്ങളിലൂടെയുള്ള അജേയ പരമ്പരക്ക് ആഴ്സനല്‍ വിരാമമിട്ടു. ഒന്നിനെതിരെ മൂന്ന് ഗോളിന് (13) ബയേണിനെ കീഴടക്കിയാണ് അവര്‍ പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. യൂറിയന്‍ ടിമ്പര്‍ (22′), നോനി മദുയെകെ (69′), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (77′) എന്നിവര്‍ ഗോളുകള്‍ നേടി. ലെനാര്‍ട്ട് കാ (32’) ബയേണിനായി ആശ്വാസ ഗോള്‍ അടിച്ചു.
അത്ലറ്റികോ മാഡ്രിഡ്ഇന്റര്‍ മിലാന് പോരാട്ടത്തില്‍ ഇന്റര്‍ രണ്ട്-ഒന്ന് (21) എന്ന സ്കോറിന് വിജയിക്കുകയും പി.എസ്.വി എതിരാളിയായ ലിവര്‍പൂളിനോട് ഒരുനാല് (14) എന്ന സ്കോറിന് കീഴടങ്ങുകയും ചെയ്തു. ടോട്ടന്‍ഹാമിനെതിരെ പി.എസ്.ജി അഞ്ച്മൂന്ന് (53) എന്ന ഭേദഗതിയാര്‍ന്ന വിജയമാണ് സ്വന്തമാക്കിയത്.
യൂറോപ്യന്‍ രാത്രി വീണ്ടും തന്റെ ആവേശം തെളിയിച്ച മത്സരങ്ങളായിരുന്നു ഇന്നത്തേത്.
Sports
ഫിഫയെ വെല്ലുവിളിച്ച് റഷ്യ; 2026ല്‍ ബദല്‍ ടൂര്‍ണമെന്റിന് റഷ്യ പദ്ധതിയൊരുക്കുന്നു
യുഎസുകാരുടെ കായിക മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
മോസ്കോ: ഫിഫയെ വെല്ലുവിളിച്ച് 2026 ഫുട്ബോള്‍ ലോകകപ്പിനോട് സമാന്തരമായി ബദല്‍ ലോകകപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. യുഎസുകാരുടെ കായിക മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ റഷ്യന്‍ ഫുട്ബോള്‍ യൂണിയന് (RFU) ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
യുക്രെയ്നിലെ യുദ്ധനടപടികളുടെ പശ്ചാത്തലത്തില്‍ 2022 ഫെബ്രുവരി മുതല്‍ ഫിഫയും യുവേഫയും ഉള്‍പ്പെടെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും റഷ്യ വിലക്കിലാണ്. ഈ വിലക്ക് മറികടക്കാനും ഫിഫയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാനുമാണ് സമാന്തര ലോകകപ്പിനുള്ള ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2026 ലോകകപ്പ് നടക്കുന്നത് യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായിട്ടാണ്. ഇതേ സമയം റഷ്യയില്‍ തന്നെയായിരിക്കും പുതിയ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ശ്രമം. യോഗ്യത നേടാതിരുന്ന രാജ്യങ്ങളായ സെര്‍ബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, നൈജീരിയ, കാമറൂണ്‍, ചൈന എന്നിവയെക്കുറിച്ചും റഷ്യ ചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ് നടത്തിയതായിരുന്നു റഷ്യയുടെ അവസാന ഫിഫ പങ്കാളിത്തം.
പുതിയ ടൂര്‍ണമെന്റിനായി 2018 ലോകകപ്പിന് വേദിയായ നാല് സ്റ്റേഡിയങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും പദ്ധതിയെന്ന് സൂചന. അന്താരാഷ്ട്ര ഫുട്ബോളില്‍ പുതിയ വിദ്വേഷരേഖ സൃഷ്ടിക്കാന്‍ ഇടയാക്കാവുന്ന നീക്കമാണിതെന്നുള്ള ആശയക്കുഴപ്പവും ഉയരുന്നുണ്ട്.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News19 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala21 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india3 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്

