മുംബൈ: സുശാന്തിന്റെ മരണത്തില്‍ പ്രതികരണവുമായി നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തി. സുശാന്തിനെതിരെ ഉയര്‍ന്ന മീ ടു ആരോപണങ്ങള്‍ നടനെ തളര്‍ത്തിയിരുന്നെന്ന് നടി റിയ പറഞ്ഞു. ആരോപണങ്ങള്‍ നിഷേധിക്കാന്‍ ദില്‍ ബെച്ചാര സഹതാരമായ സഞ്ജന സാംഘ്‌വി താമസിച്ചതും സുശാന്തിനെ അലട്ടിയിരുന്നെന്ന് റിയ പറഞ്ഞു. സുശാന്തിനെതിരെയുണ്ടായ ആരോപണങ്ങള്‍ വലിയ ഗൂഢാലോചനയുടെ ഫലമായിരുന്നെന്നും റിയ പറഞ്ഞു.

‘സഞ്ജനയും രോഹിനി അയ്യരും (സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജറും) സുശാന്തിനെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. രോഹിനിയാണ് ഞങ്ങളെ പരിചയപ്പെടുത്തിയത്. പക്ഷേ പിന്നീട് മിണ്ടാതെയായി. സഞ്ജനയും രോഹിനിയും ഒരു വലിയ സംഘത്തിന്റെ ഭാഗമാണെന്നാണ് സുശാന്ത് കരുതിയിരുന്നത്. എന്തുകൊണ്ടാണ് മി ടൂ ആരോപണളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ഇത്രയേറെ താമസിച്ചത്? അത് അന്വേഷിക്കണം. എന്തുകൊണ്ടാണ് ഒന്നര മാസത്തോളം മിണ്ടാതിരുന്നത്. അവള്‍ (സഞ്ജന) എവിടെയായിരുന്നാലും ഗുഗിള്‍ ഉണ്ടായിരിക്കുമല്ലോ. എല്ലാ അഭിനേതാക്കളും അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നോക്കുന്നവവരാണ്. എന്നിട്ടും ഇത്ര വലിയ ഒരു വാര്‍ത്ത അറിഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെയാണ്?’, ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ റിയ ചോദിക്കുന്നു.

സുശാന്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇര എന്ന് വിശേഷിപ്പിച്ചിരിക്കുന്ന സഞ്ജന ഉടന്‍തന്നെ പ്രതികരിക്കാന്‍ തയ്യാറായില്ല. പിന്നീട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ താന്‍ വിദേശത്തായിരുന്നെന്നും അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒരു വാര്‍ത്ത അറിഞ്ഞിരുന്നില്ല എന്നുമാണ് അവര്‍ പറഞ്ഞത്. ഇത് സുശാന്തിന്റെ മാനസിക നിലയെ തകര്‍ത്തെന്നും ഒടുവില്‍ അദ്ദേഹത്തില്‍ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പുറത്തുവിട്ട് തന്റെ ഭാഗം ന്യായീകരിക്കേണ്ട അവസ്ഥ ഉണ്ടായെന്നും റിയ പറയുന്നു.

2018-ലാണ് സുശാന്തിന്റെ പേരില്‍ മീടു ആരോപണം ഉയര്‍ന്നത്. ദില്‍ ബെച്ചാരയുടെ സെറ്റില്‍ വച്ച് സഹതാരം സഞ്ജനയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് സുശാന്ത് തന്നെ രംഗത്തെത്തുകയായിരുന്നു.