യാങ്കൂണ്‍: മ്യാന്മറിലെ റാഖിന്‍ സ്റ്റേറ്റില്‍ സൈന്യവുമായി ഏറ്റുമുട്ടുന്ന അറാകന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി (എ.ആര്‍.എസ്.എ) പോരാളികള്‍ ഒരുമാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കലാപഭൂമിയില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്ക് സഹായമെത്തിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ക്ക് സൗകര്യമൊരുക്കാനാണ് ആയുധം താഴെ വെക്കുന്നതെന്ന് സംഘടന അറിയിച്ചു.

വെടിനിര്‍ത്തല്‍ പാലിക്കണമെന്ന് മ്യാന്മര്‍ സേനയോടും എ.ആര്‍.എസ്.എ അഭ്യര്‍ത്ഥിച്ചു. വെടിനിര്‍ത്തല്‍ കാലത്ത് മത, വംശീയ പരിഗണനകള്‍ക്കതീതമായി എല്ലാവര്‍ക്കും മാനുഷിക സഹായമെത്തിക്കുന്നതിനെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും സംഘടന അറിയിച്ചു. എ.ആര്‍.എസ്.എ പൊലീസ് പോസ്റ്റുകള്‍ക്കുനേരെ നടത്തിയ ആക്രമണത്തിന്റെ പേരില്‍ റാഖിന്‍ സ്റ്റേറ്റില്‍ മ്യാന്മര്‍ സേന തുടങ്ങിയ മുസ്‌ലിം വേട്ട നിഷ്ഠൂരം തുടരുകയാണ്. രണ്ടാഴ്ചക്കിടെ ബംഗ്ലാദേശില്‍ മൂന്നു ലക്ഷത്തോളം റോഹിന്‍ഗ്യ മുസ്‌ലിം അഭയാര്‍ത്ഥികള്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

റോഹിന്‍ഗ്യ ഗ്രാമങ്ങള്‍ മുഴുവന്‍ സൈന്യം ചുട്ടെരിച്ചിരിക്കുകയാണ്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നൂറുകണക്കിന് മുസ്‌ലിംകളെ പട്ടാളക്കാര്‍ കൊന്നുതള്ളുമ്പോഴും മൗനം പാലിക്കുന്ന മ്യാന്മര്‍ ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. റാഖിന്‍ സ്റ്റേറ്റില്‍ നടക്കുന്നത് വംശഹത്യയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറയുന്നു. എ.ആര്‍.എസ്.എയുടെ വെടിനിര്‍ത്തല്‍ അക്രമങ്ങള്‍ കുറയാന്‍ കാരണമാകുമോ എന്ന് വ്യക്തമല്ല. മ്യാന്മര്‍ സേനക്കു മുന്നില്‍ വളരെ ദുര്‍ബലമായ സംഘടന മാത്രം വെടിനിര്‍ത്തിയതുകൊണ്ട് സാധാരണക്കാരായ മുസ്‌ലിംകളുടെ ദുരിതം അവസാനിക്കില്ല. റോഹിന്‍ഗ്യ ഗ്രാമങ്ങളില്‍നിന്ന് സൈന്യം പിന്മാറിയെങ്കില്‍ മാത്രമേ കലാപം അവസാനിക്കൂ.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് മ്യാന്മര്‍ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. വംശീയ ഉന്മൂലനമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വിശേഷിപ്പിക്കുന്ന അക്രമങ്ങളില്‍നിന്ന് പിന്തിയാന്‍ സൈന്യത്തിനുമേല്‍ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. മാനുഷിക സഹായം എത്തിക്കണമെങ്കില്‍ വെടിനിര്‍ത്തല്‍ നിര്‍ബന്ധമാണെന്ന് അന്താരാഷ്ട്ര റെഡ്‌ക്രോസും റെഡ് ക്രസന്റ് സൊസൈറ്റിയും പറയുന്നു.