കൊച്ചി: ബിജെപി സംസ്ഥാന നേതാവിനു നേരെ ആര്‍.എസ്.എസ് ആക്രമണം. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം പാലാരിവട്ടം ശ്രീകല റോഡില്‍ തെക്കേ മാടവന സജീവനെ(വെണ്ണല സജീവന്‍-47) യാണ് നാലംഗ സംഘം ഞായറാഴ്ച്ച രാത്രി വീട് കയറി ആക്രമിച്ച് കാല്‍ തല്ലിയൊടിച്ചത്. വലത് കാലൊടിഞ്ഞ സജീവനെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആര്‍എസ്എസ് തൃക്കാക്കര നഗരകാര്യവാഹകും കണ്ണൂര്‍ സ്വദേശിയുമായ ജയചന്ദ്രന്‍ ഉള്‍പ്പെടെ നാലുപേരെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലായ കാക്കനാട് സ്വദേശികളായ ലാല്‍ ജീവന്‍, വൈശാഖ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി സംഘടന സംവിധാനങ്ങള്‍ പിടിച്ചെടുക്കാനുള്ള ജില്ലക്ക് പുറത്ത് നിന്നുള്ള ആര്‍എസ്എസുകാരുടെ നീക്കം ചെറുത്തതാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. ഇതേചൊല്ലി വെണ്ണല സജീവനും പ്രാദേശിക ആര്‍എസ്എസുമായും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാന നേതാവിന് നേരെ ആക്രമണമുണ്ടായിട്ടും സംഭവത്തില്‍ ഇതുവരെ ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല.
ഞായറാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. വീടിന്റെ വരാന്തയില്‍ ഭാര്യ സ്മിതയുമായി സംസാരിച്ചിരുന്ന സജീവനെ സൗഹൃദം നടിച്ച് എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. നാലംഗ സംഘത്തിലെ ഹെല്‍മെറ്റ് ധരിച്ച് മുഖംമറച്ച ആളാണ് തന്നെ ക്രിക്കറ്റ് ബാറ്റുപോലുള്ള ആയുധംകൊണ്ട് അടിച്ചതെന്ന് സജീവന്‍ പാലാരിവട്ടം പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഘത്തോട് കസേരയിലിരിക്കാന്‍ പറഞ്ഞ സജീവന്റെ കൈകള്‍ രണ്ട് പേര്‍ ഇരുവശത്ത് നിന്നും ബലമായി പിറകിലേക്ക് പിടിച്ച് വയ്ക്കുകയും ഹെല്‍മെറ്റ് വച്ചയാള്‍ ഇരുകാലുകളിലും കുറുവടിക്ക് അടിക്കുകയുമായിരുന്നു. അടിയില്‍ സജീവന്റെ വലതു കാല്‍ ഒടിഞ്ഞു. ഇരുന്ന കസേരയും തകര്‍ന്നു. നാലംഗ സംഘത്തിന്റെ വരവ് കണ്ട് ആദ്യം വീടിന് അകത്തേക്ക് പോയ സ്മിത സജീവന്റെ നിലവിളി കേട്ടാണ് തിരിച്ചെത്തിയത്. തടയാന്‍ ശ്രമിച്ച സ്മിതയേയും അക്രമികള്‍ പിടിച്ച് വച്ചു. ഇരട്ടകളായ കുട്ടികള്‍ അക്രമം കണ്ട് ഭയന്ന് നിലവിളിച്ചതോടെയാണ് മര്‍ദനം അവസാനിപ്പിച്ചത്. കണ്ണൂര്‍ സ്വദേശിയായ ജയചന്ദ്രന്‍ വര്‍ഷങ്ങളായി എറണാകുളത്താണ് താമസം.സംഭവത്തില്‍ ജയചന്ദ്രന്റെ പങ്ക് തെളിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പാലാരിവട്ടം എസ്‌ഐ പറഞ്ഞു. ആയുധമുപയോഗിച്ച് മാരകമായി മുറിവേല്‍പ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കയറല്‍, കൂട്ടമായി ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.