kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

By webdesk17

January 01, 2026

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി. അടുത്തയാഴ്ച വീണ്ടും നോട്ടീസ് നല്‍കാനാണ് തീരുമാനം. ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തില്‍ വ്യക്തത തേടും. സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടുന്നത് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഭരണസമിതിയിലെ മറ്റ് അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.

അതേസമയം, മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും മൊഴിയില്‍ എസ്‌ഐടി വിശദമായ പരിശോധന നടത്തിയേക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തു വിടുന്നതില്‍ ദേവസ്വം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നാണ് കടകംപള്ളി മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് കടകംപള്ളി സമ്മതിക്കുന്നുണ്ട്. എന്നാല്‍ താന്‍ സാമ്പത്തിക ഇടപാടുകള്‍ പോറ്റിയുമായി നടത്തിയിട്ടില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് പി.എസ് പ്രശാന്ത് നല്‍കിയിരിക്കുന്ന മൊഴി.