തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിര്‍ണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യല്‍ നടന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടി വേണ്ടിയിട്ടാണ് കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത്. അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് കടകംപള്ളിയെയും പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്തിരിക്കുന്നത്.
അതിനിടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.