ന്യൂഡല്‍ഹി: തന്റെ മക്കളെ വെറുതെ വിടണമെന്ന അഭ്യര്‍ത്ഥനയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നവമാധ്യമങ്ങളില്‍ മക്കളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെയാണ് സച്ചിന്‍ രംഗത്തുവന്നത്. സച്ചിന്റെ മക്കളായ അര്‍ജുന്റെയും സാറയുടെയും പേരിലാണ് വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും ട്വിറ്ററില്‍ അക്കൗണ്ടില്ല. സച്ചിന്റെ മക്കളാണെന്ന വ്യാജേന ഈ അക്കൗണ്ടു വഴി ചിത്രങ്ങളും ട്വീറ്റുകളും വ്യാപകമായി വന്നതോടെയാണ് സച്ചിന്‍ രംഗത്തുവന്നത്. അര്‍ജുന്റെയും സാറയുടെയും പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന് സച്ചിന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും പേരുകളില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താനോ തന്റെ മക്കളോ ഉത്തരവാദികളല്ലെന്നും സച്ചിന്‍ പറഞ്ഞു.