അത്യപൂര്‍വമായ ആത്മസമര്‍പ്പണത്തിലൂടെ അല്ലാഹുവിന്റെ പ്രീതിക്ക് പാത്രീഭവിക്കുകയും ഇതിനെതിരെവന്ന എല്ലാ പരീക്ഷണങ്ങളെയും മറികടന്ന് വിജയിക്കുകയുംചെയ്ത മനുഷ്യജീവിതത്തിന്റെ മഹാചരിതമാണ് ഇബ്രാഹിം നബിയുടേത്. ദൗത്യനിര്‍വഹണത്തിന് ഏറ്റവും വലിയ മനക്കരുത്ത് വിനിയോഗിക്കേണ്ടിവന്ന ഉലുല്‍ അസ്മുകളില്‍പെട്ട പ്രവാചകനാണ് അദ്ദേഹം. ആ വഴിയും ജീവിതവും ഓര്‍ക്കാനും ഓര്‍മിപ്പിക്കാനുമാണ് ഹജ്ജും അനുബന്ധ ഘടകങ്ങളും. അവയുടെ ഭാഗമാണ് ഉള്ഹിയ്യത്ത് എന്ന ബലികര്‍മം. ഹജ്ജിന്റെ പരിസമാപ്തി കുറിക്കപ്പെടുന്ന ദുല്‍ ഹജ്ജ് മാസത്തിലെ 10 മുതല്‍ 13 കൂടി ദിനങ്ങളിലൊന്നില്‍ സത്യവിശ്വാസികള്‍ ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധതയുടെ ഓര്‍മയില്‍ സമര്‍പ്പിക്കുന്ന ബലിയാണിത്. തനിക്കൊരു കുഞ്ഞിനെ തന്നാല്‍ അതിനെ പോലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നിടത്തുനിന്ന് ഇതിന്റെ ചരിത്രം തുടങ്ങുന്നു. പിന്നീട് കുഞ്ഞ് ജനിച്ചപ്പോള്‍ അല്ലാഹു പ്രതിജ്ഞ ഓര്‍മപ്പെടുത്തുകയും പൂര്‍ണ മനസ്സോടെ അദ്ദേഹം അതിനു തയ്യാറെടുക്കുകയും ചെയ്തു. മിനാ താഴ്‌വരയില്‍ അദ്ദേഹം കുഞ്ഞിന്റെ ഗളത്തില്‍ കത്തിവെച്ചു. ലോകത്ത് ഒരു പിതാവിനും താങ്ങാന്‍ കഴിയാത്ത മഹാത്യാഗത്തിന്റെ ചരിതമായിരുന്നു ആ ബലിക്കല്ലില്‍ അന്ന് വിരചിതമായത്. അദ്ദേഹത്തിന്റെ മനോനിലയില്‍ സംപ്രീതനായ അല്ലാഹു കുഞ്ഞിനെ അറുക്കേണ്ടെന്ന് അരുളി. അതോടെ ആ ത്യാഗത്തോടുള്ള വൈകാരിക ഐക്യദാര്‍ഢ്യമായി ഉളുഹിയ്യത്ത് എന്ന കര്‍മം നിലവില്‍വന്നു. ഈ മഹത്തായ ത്യാഗത്തിന്റെ സ്മരണ നിലനിറുത്താനും, സത്യവിശ്വാസികളില്‍ ത്യാഗശീലം വളര്‍ത്താനും വേണ്ടിയാണ് പെരുന്നാള്‍ ദിവസം ഹാജിമാര്‍ മിനായില്‍വെച്ചും അല്ലാത്തവര്‍ നാട്ടില്‍വെച്ചും ബലികര്‍മം നടത്താന്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

അല്ലാഹുവിന്റെ കല്‍പനക്കും പ്രീതിക്കും വേണ്ടി മനുഷ്യന്‍ തനിക്ക് ഏറ്റവും വിലപ്പെട്ടതിനെപോലും ത്യാഗംചെയ്യാന്‍ തയ്യാറാണെന്നതാണ് ഉളുഹിയത്തിലൂടെ പ്രകടമാക്കുന്നത്. പണമോ നാം വളര്‍ത്തിയെടുത്ത കാലിവര്‍ഗങ്ങളോ അല്ലാഹുവിന്റെ പ്രീതിക്ക് മുന്‍പില്‍ നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള അവസരവുമാണ് ഉളുഹിയ്യത്തിലൂടെ കൈവരുന്നത്. അല്ലാഹുവിനുവേണ്ടിമാത്രം ബലി അറുക്കുന്നതിലൂടെ തൗഹീദ് ഊട്ടിയുറപ്പിക്കല്‍, അല്ലാഹുവോടുള്ള സാമീപ്യം, ഭക്തി, വിധേയത്തം, ത്യാഗസന്നദ്ധത തുടങ്ങിയവ സമ്പാദിക്കല്‍, അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം നേടല്‍, സാധുക്കളെ ഭക്ഷിപ്പിക്കല്‍, സര്‍വോപരി അല്ലാഹു കല്‍പ്പിച്ച ഇബ്രാഹിം നബി(അ)യുടെ സുന്നത്തിനെ ജീവിപ്പിക്കല്‍ തുടങ്ങിയവയെല്ലാം ചേര്‍ന്ന വിശാലമായ പ്രതിഫലമാണ് ഇതുവഴി ലഭിക്കുന്നത്. തെറ്റിദ്ധരിപ്പിക്കാനും വഴിതിരിച്ചുവിടാനും ശ്രമിക്കുന്നവര്‍ ഉളുഹിയ്യത്തിനെ ചില നാടുകളിലെയും മതങ്ങളിലെയും ബലിയോട് ഉപമിക്കുന്നതു കാണാം. അത് തെറ്റാണ്. കാരണം അത് കുരുതിയാണ്. അവിടെ അറുക്കപ്പെടുന്ന ജീവിയുടെ പ്രധാനമായും രക്തമാണ് ആരാധനാമൂര്‍ത്തിക്ക് സമര്‍പ്പിക്കപ്പെടുന്നത്.

ഇസ്‌ലാമിലെ ഉളുഹിയ്യത്തില്‍ പക്ഷേ, ബലിയറുക്കുന്ന മൃഗം കേവലം പ്രതീകാത്മകമാണ്. അത് നിര്‍വഹിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ഭക്തിയാണ് പ്രധാനം. അതിനാണ് മൂല്യം. അല്ലാഹു പറയുന്നു: അവയുടെ (ബലിമൃഗങ്ങളുടെ) മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയല്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്‌പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖുര്‍ആന്‍: 22:37) അതായത്; ബലികര്‍മത്തിന്റെ ലക്ഷ്യം കേവലം അറുക്കുക എന്നത് മാത്രമല്ല. ആ മൃഗത്തിന്റെ മാംസത്തില്‍ നിന്നോ, രക്തത്തില്‍നിന്നോ ഒന്നും അല്ലാഹുവിലേക്ക് എത്തുകയുമില്ല. അവന്‍ എല്ലാ ധന്യതയുമുള്ളവനും, സര്‍വസ്തുതിക്കും അര്‍ഹതയുള്ളവനുമാണ്. മറിച്ച്, ആ കാര്യത്തിലുണ്ടാവുന്ന ഇഖ്‌ലാസും പ്രതിഫലേച്ഛയും നല്ല നിയ്യത്തും മാത്രമേ അവനിലേക്ക് എത്തുകയുള്ളൂ. അത്‌കൊണ്ടാണ് അല്ലാഹു തൊട്ടുടനെ ഇപ്രകാരം പറഞ്ഞത്: എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവന് എത്തുന്നത് എന്ന്.

മനോനിലയാണ് അല്ലാഹു പരിഗണിക്കുന്നത് എന്നുവരുമ്പോള്‍ രണ്ട് കാര്യങ്ങള്‍ കര്‍മശാസ്ത്രപരമായി പരിഗണിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാകുന്നു. അത് രണ്ടുമാണ് അല്ലാഹു സ്വീകരിക്കാന്‍ ആവശ്യമായ മനോനിലയെ രൂപപ്പെടുത്തുന്നത്. ഒന്നാമത്തേത് നിയ്യത്ത് എന്ന ഉദ്ദേശ്യം തന്നെ. ബലിമൃഗത്തെ തിരഞ്ഞെടുക്കുമ്പോഴോ അറുക്കുമ്പോഴോ ഇത് തന്റെ സുന്നത്തായ ഉള്ഹിയ്യത്താണ് എന്നു കരുതണമെന്നാണ് നിയമം. അറവല്ല, അറവിന്റെ മനസ്സാണ് അറവിനെ കര്‍മമാക്കുന്നത് എന്ന് ചുരുക്കം. അതുകൊണ്ടാണ് ഒരാള്‍ അറിയാതെ അയാള്‍ക്കു വേണ്ടി മറ്റൊരാള്‍ക്ക് ഉളുഹിയ്യത്ത് അറുക്കാന്‍ കഴിയില്ല എന്ന് പറയുന്നത്. രണ്ടാമത്തെ കാര്യം താന്‍ സമര്‍പ്പണം ചെയ്യുന്നത് വിലപ്പെട്ടതു തന്നെയാണ് എന്ന മനോനില ഉണ്ടാകാന്‍ മാത്രം ബലിമൃഗം ആരോഗ്യം, അഴക്, രൂപം, വിലമതിപ്പ് എന്നിവയെല്ലാം ഉള്ളതായിരിക്കണം. രണ്ട് വയസ്സ് തികഞ്ഞ് മൂന്നിലേക്ക് പാദമൂന്നുന്ന മാടുകളെയാണ് ബലിക്കായി തിരഞ്ഞെടുക്കേണ്ടത്. ഈ പ്രായത്തിന്റെ സവിശേഷത അത് ശൈശവം കടന്നതും എന്നാല്‍ ക്ഷീണ വാര്‍ധക്യത്തിന്റെ ഒരു നിലക്കുള്ള അസ്‌കിതകളും ഇല്ലാത്തതുമായ ഒത്തതും ആകര്‍ഷകവുമായിരിക്കും എന്നതാണ്. അതോടെപ്പം രോഗം, ഗര്‍ഭം, വ്യക്തമായ വൈകല്യം തുടങ്ങിയവയൊന്നുമില്ലാത്തതാണ് എന്ന് ഉറപ്പ്‌വരുത്തണം. ചെവി മുറിഞ്ഞത്, വാല് മുറിഞ്ഞത് തുടങ്ങിയവയൊക്കെ ന്യൂനതകളാണ്. കേവലം ഇറച്ചിക്കു വേണ്ടിയുള്ളതല്ല ഈ അറവ് എന്നു പറയുന്നത് ഇതുകൊണ്ടാണ്. എന്നാല്‍ ചെവിയില്‍ ദ്വാരമോ അഗ്രത്തില്‍ കീറലോ ഉണ്ടെങ്കില്‍ അതു വിഷയമാക്കേണ്ടതില്ല. ആടിനെ അറുക്കുന്ന പതിവുമുണ്ട്. നമ്മുടെ ആടുകള്‍ പൊതുവെ കോലാട് എന്ന ഇനത്തിലാണ് പെടുന്നത്. അതിനാല്‍ അതിനും രണ്ടു വയസ്സ് പൂര്‍ത്തിയായിരിക്കണമെന്നാണ്.

ഈ ആരാധാനാത്മക മനോനിലയിലേക്ക് നയിക്കുന്ന ഘടകമാണ് നിശ്ചിത സമയത്ത്തന്നെ അറുക്കുക എന്നത്. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞതുമുതല്‍ ദുല്‍ഹജ്ജ് 13 ന് സന്ധ്യ വരെ ഇതിന് സമയമുണ്ട്. അതിനു മുമ്പോ ശേഷമോ ആയാല്‍ അത് സമര്‍പ്പണമാവില്ല. ഒരാള്‍ ഒന്ന് എന്ന അര്‍ഥത്തില്‍ ചെയ്യുമ്പോഴാണ് അത് പൂര്‍ണാര്‍ഥത്തിലെത്തുന്നത്. എന്നാല്‍ വലിയ മാടുകളെ ഓരോരുത്തര്‍ക്കും സ്വന്തമായി വാങ്ങാനും വഹിക്കാനും കഴിഞ്ഞെന്നു വരില്ല. സമ്പന്നന്‍മാരെ പോലെ ദരിദ്രരായവരെയും ഇസ്‌ലാം ഇത്തരം കാര്യങ്ങളില്‍ പരമാവധി പരിഗണിക്കുന്നുണ്ട്. അതിനാല്‍ മാടുകളില്‍ പരമാവധി ഏഴാള്‍ക്കു വരെ പങ്കാളികളാകാം. ആട് ഏറ്റവും ചുരുങ്ങിയ സ്വതന്ത്ര ഏകകമാണ്. അതില്‍ പങ്കാളിത്തമില്ല. കേവലം ഒരു മൃഗത്തെ അറുത്തിടുകയല്ല ഉള്ഹിയ്യത്ത്. അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നവന്‍ ആ മാസം തുടക്കം മുതല്‍ ആ ചിന്തയില്‍ കഴിഞ്ഞു കൂടണം. അവന്‍ താടിരോമങ്ങള്‍, നഖം തുടങ്ങിയവ ഒന്നും നീക്കം ചെയ്യരുത് എന്ന് പറയുമ്പോള്‍ ഇതാണ് ഉദ്ദേശിക്കുന്നത്. ഇക്കാലത്തുണ്ടാകുന്ന ശരീര ഭാഗങ്ങള്‍ക്കെല്ലാം ഈ പ്രതിഫലം ലഭിക്കണം. ഇത് ഐച്ഛിക നിര്‍ദ്ദേശം മാത്രമാണ്. നിര്‍ബന്ധമായിവരുന്നതോ നിര്‍ബന്ധിതമായതോ ആയ സാഹചര്യങ്ങളില്‍ അതാകാവുന്നതുമാണ്. ഉദാഹരണമായി പല്ല് എടുക്കേണ്ടിവന്നാല്‍ അതെടുത്ത് കളയാം.

ആരാധന എന്ന നിലക്ക് ഉള്ഹിയ്യത്തിന്റെ പരമമായ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും നേടുക എന്നതാണ്. അതിനാല്‍ ഉള്ഹിയ്യത്തിന്റെ മുഴുവന്‍ മാംസവും മുസ്‌ലിംകള്‍ക്ക് സംഭാവനയായി വിതരണം ചെയ്യുകയാണ് വേണ്ടത്. അതിന്റെ തോല്, എല്ല് തുടങ്ങിയവയെല്ലാം ദാനമായി നല്‍കണം. കൂലിയായി പോലും അത് നല്‍കിക്കൂടാ. വിശാലമായ ഇസ്‌ലാമിക കുടുംബത്തിലെ ഒരംഗം എന്ന നിലക്ക് തനിക്കും തന്റെ ആശ്രിതര്‍ക്കും മാംസത്തില്‍നിന്ന് അല്‍പം എടുക്കുന്നതില്‍ തെറ്റില്ല. എന്നല്ല, സുന്നത്തായ ഉള്ഹിയ്യത്തില്‍നിന്ന് അല്‍പം ബറകത്തിനുവേണ്ടി എടുക്കല്‍ സുന്നത്താണ്. അത് കരളില്‍ നിന്നാവലാണ് നല്ലത്. പാരിതോഷികമായി മുസ്‌ലിം ധനികര്‍ക്കു നല്‍കുന്നതില്‍ വിരോധമില്ല. സുന്നത്തായ ഉള്ഹിയ്യത്തില്‍നിന്ന് എന്ന് പറഞ്ഞത് നിര്‍ബന്ധമായതും ഉണ്ടാകുന്നതുകൊണ്ടാണ്. നേര്‍ച്ചയാക്കുമ്പോഴാണ് അത് നിര്‍ബന്ധമായിത്തീരുന്നത്. അങ്ങനെയാണെങ്കില്‍ ആ ബലിയുടെ മാംസം മുഴുവനും ഫഖീര്‍, മിസ്‌കീന്‍ എന്നീ ഇനങ്ങളില്‍പെട്ടവര്‍ക്ക് മാത്രമുള്ളതാണ്. ബലി ദാതാവോ ആശ്രിതരോ ഒട്ടും എടുക്കാന്‍ പാടില്ല.

മരണത്തിന് കീഴ്‌പെടുമ്പോഴും പരമാവധി ആശ്വാസവും ആയാസവും പരിഗണനയും മൃഗത്തോട് മനുഷ്യന്‍ കാണിക്കണമെന്ന് ഇസ്‌ലാം താല്‍പര്യപ്പെടുന്നു. അറുക്കുന്നതിനുമുമ്പ് വെള്ളം നല്‍കുക, അതിനെ തല്ലാതിരിക്കുക, കഴിയുന്നതും വിരട്ടാതിരിക്കുക, അറുക്കുന്ന കത്തി നല്ല മൂര്‍ച്ചയുള്ളതായിരിക്കുക, കത്തി മൃഗത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, മറ്റൊരു മൃഗത്തിന്റെ മുന്നില്‍ വെച്ച് അറുക്കാതിരിക്കുക, അറുക്കേണ്ട മൃഗത്തെ തള്ളിയിട്ടു കഴിഞ്ഞാല്‍ വേഗത്തില്‍ മൂന്ന് കാലുകള്‍ ചേര്‍ത്ത് വരിഞ്ഞ് കെട്ടുകയും ഒരു കാല് ഒഴിച്ചിടുകയും ചെയ്യുക എന്നിവയെല്ലാം പ്രധാനപ്പെട്ടവയാണ്. ഖുര്‍ആനും സുന്നത്തും പ്രേരിപ്പിക്കുന്ന ഒന്നാണ് ഉളുഹിയ്യത്ത്. ഖുര്‍ആന്‍ പറയുന്നു: നബിയേ താങ്കളുടെ നാഥനുവേണ്ടി നമസ്‌കരിക്കുകയും അറവ് നടത്തുകയും ചെയ്യുക. (അല്‍ കൗസര്‍) ഈ സൂക്തത്തിലെ അറവ് ഉള്ഹിയ്യത്താണെന്ന് നിരവധി മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ) പറയുന്നു: ബലിപെരുന്നാളില്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുള്ള ബലിയേക്കാള്‍ അവന് ഇഷ്ടമുള്ള മറ്റൊരു കാര്യവുമില്ല തന്നെ. ബലിപെരുന്നാള്‍ ദിനത്തില്‍ തന്റെയും ആശ്രിതരുടേയും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കടം എന്നിവക്കാവശ്യമായ ധനം നീക്കിവെച്ച് മിച്ചം വരുന്ന ബുദ്ധിയുള്ളവനും സ്വതന്ത്രനുമായ എല്ലാ മുസ്‌ലിമിനും ഉള്ഹിയ്യത്ത് നിര്‍വഹിക്കല്‍ ശക്തമായ സുന്നത്താണ്.