ലയണല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേയ്ക്ക് എത്തുമോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ ഫുട്‌ബോള്‍ ലോകത്തെ പ്രധാന സംസാര വിഷയം. എന്നാല്‍ തല്‍ക്കാലം മെസി അവിടെ നില്‍ക്കട്ടെ. ‘അഭ്യൂഹങ്ങള്‍’ സൃഷ്ടിച്ച് നമ്മുടെ സ്വന്തം സഹല്‍ അബ്ദുല്‍ സമദ് സിറ്റി ജേഴ്‌സിയിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നു. എന്നാല്‍ സര്‍പ്രൈസായി സഹലിന്റെ പോസ്റ്റിന് സാക്ഷാല്‍ സെര്‍ജിയോ അഗ്വേറോ കമന്റ് ചെയ്തിരിക്കുന്നു.
സഹലിന്റെ ചിത്രത്തിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഔദ്യോഗിക പേജില്‍ നിന്ന് കയ്യടിയും കമന്റായി എത്തിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുറമെ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും സഹലിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. നാല് കോടി 54 ലക്ഷം പേര്‍ പിന്തുടരുന്ന ഫേസ്ബുക്ക് പേജാണിത്. ഇന്നലെയാണ് സിറ്റിയുടെ മൂന്നാം ജേഴ്‌സി പുറത്തിറങ്ങിയത്. സിറ്റിയുടെ മൂന്നു ജേഴ്‌സികളും അണിഞ്ഞുനില്‍ക്കുന്ന ചിത്രം സഹല്‍ പോസ്റ്റ് ചെയ്തു. പ്യൂമയാണ് ജേഴ്‌സി തയ്യാറാക്കിയത്.