ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്തിനും മകനും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്ന ഓഫീസ് ജീവനക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉടന്‍ കോവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കോവിഡ് സ്ഥിരീകരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് ഭഗത്തിന്റെ വസതിയില്‍ ബിജെപി പരിപാടി സംഘടിപ്പിച്ചിരുന്നു. തോക്ക് ചൂണ്ടി ഡാന്‍സ് കളിപ്പിച്ചതിന് സസ്‌പെന്‍ഷനിലായ എംഎല്‍എ പ്രണവ് സിങ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്ന ചടങ്ങാണ് ഓഗസ്റ്റ് 24ന് ഭഗത്തിന്റെ വസതിയില്‍ നടന്നത്. നിരവധി ബിജെപി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബിജെപി അധ്യക്ഷന് ഗുരുതരമായ ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെന്നും ചികിത്സയിലാണെന്നും ഉപാധ്യക്ഷന്‍ ദേവേന്ദ്ര ഭാസിന്‍ പ്രതികരിച്ചു.