kerala

ഇല്ലാത്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞു; കെ കെ ശൈലജയ്‌ക്കെതിരെ പരാതി നല്‍കാന്‍ ഷാഫി പറമ്പില്‍

By webdesk13

April 21, 2024

വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കാനുള്ള പരാതി ഡ്രാഫ്റ്റ് ചെയ്തുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഏത് വീഡിയോ ആയാലും തനിക്ക് മനസറിവില്ലാത്തതാണെന്ന് ഷാഫി വ്യക്തമാക്കി. ഇല്ലാത്ത വീഡിയോ ഉണ്ടെന്നാണ് വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പത്രസമ്മേളനത്തില്‍ വിവരിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പത്രസമ്മേളനത്തിലും നവമാധ്യമത്തിലും വ്യക്തിഹത്യ നടത്തി. ഇപ്പോള്‍ വീഡിയോ ഇല്ലെന്ന് പറഞ്ഞതില്‍ സന്തോഷം. ആളുകളെ മിസ് ലീഡ് ചെയ്യാന്‍ തന്റെ പേരുപയോഗിച്ചു. താന്‍ വീഡിയോ ഉണ്ടാക്കി എന്ന തരത്തില്‍ ബുദ്ധിജീവികള്‍ പോസ്റ്റിട്ടു. താനൊരിക്കലും അത്തരം കാര്യം ചെയ്യില്ല. വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പ് വിജയിക്കാന്‍ വന്നയാളല്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

പലചാനലുകളും മണിക്കൂറുകള്‍ ചര്‍ച്ച നടത്തി. ഇല്ലാത്ത വീഡിയോയുടെ പേരില്‍ താന്‍ എന്തൊക്കെ നേരിട്ടു അമ്മയില്ലേ എന്ന് വരെ ചോദിച്ചു വടകരയില്‍ നടക്കുന്നത് സീരിയസ് പൊളിറ്റിക്കല്‍ ഫൈറ്റാണെന്നും വിദഗ്ദരുമായി ആലോചിച്ചായിരിക്കും നോട്ടീസ് അയയ്ക്കുകയെന്നും ഷാഫി വ്യക്തമാക്കി.