ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ വനിതകളുടെ സ്വപ്‌നതുല്യമായ പ്രകടനം. ടീം ഇനത്തിലും പുരുഷ സിംഗിള്‍സ് ഇനത്തിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയ ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ ഇന്ത്യക്ക്് ബാഡ്മിന്റണ്‍ മൈതാനത്് സൂപ്പര്‍ സണ്‍ഡേ. ഇന്ത്യന്‍ വനിതാ ബാഡ്മിന്റണിലെ ശക്തരായ താരങ്ങള്‍-സൈന നെഹ്‌വാളും പി.വി സിന്ധുവും സ്വന്തം ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ജയിച്ച് വ്യക്തിഗത മെഡലുകള്‍ ഉറപ്പാക്കി. രണ്ട് പേരും സെമി ബെര്‍ത്ത് സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ പ്രേമികള്‍ മോഹിക്കുന്നത് ഇന്ത്യക്കാരുടെ സ്വപ്‌നതുല്യമായ ഒരു ഫൈനലാണ്. റിയോ ഒളിംപിക്‌സില്‍ വെളളി മെഡല്‍ നേടി ലോകത്തോളം ഉയര്‍ന്ന സിന്ധു ഇന്നലെ ക്വാര്‍ട്ടറില്‍ തായ്‌ലാന്‍ഡിന്റെ നിച്ചോണ്‍ ജിന്‍ഡാപോളിനെയാണ് മൂന്ന് ഗെയിം പോരാട്ടത്തില്‍ തരിപ്പണമാക്കിയത്. സ്‌ക്കോര്‍ 21-11,16-21, 21-14. സൈനക്ക് പക്ഷേ കാര്യങ്ങള്‍ കൂറച്ച്് കൂടി എളുപ്പമായിരുന്നു. തായ്‌ലാന്‍ഡില്‍ നിന്ന് തന്നെയുള്ള റാച്ച്‌നോക് ഇന്റോനോണിനെയാണ് സൈന തോല്‍പ്പിച്ചത്. സ്‌ക്കോര്‍ 21-18,21-16. 1982 ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് അവസാനമായി ഇന്ത്യ ബാഡ്മിന്റണില്‍ വ്യക്തിഗത മെഡലുകള്‍ നേടിയത്. അതിന് ശേഷം ആദ്യമായാണ് വ്യക്തിഗത മെഡല്‍ ഇന്ത്യന്‍ താരങ്ങള്‍ ഉറപ്പാക്കുന്നത്.