ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ജയിലിലേക്ക് താരങ്ങള്‍ ഒഴുകിയെത്തിയതിനെതിരെ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അംഗം സജിത മഠത്തില്‍. നടിയെ ഫോണില്‍ പോലും വിളിച്ച് അന്വേഷിക്കാത്തവരാണ് ജയിലിലെത്തി ദിലീപിന് പിന്തുണ പ്രഖ്യാപിച്ചവരെന്ന് സജിത പറഞ്ഞു.
സിനിമാമേഖലയില്‍ അടുപ്പമുള്ളവര്‍ ഒഴിച്ച് ആരും ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കിയിട്ടില്ല. ഓണക്കോടി കൊടുക്കാന്‍ ജയിലില്‍ പോയിട്ട് തിരിച്ചുവരുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയെ കൂടി ഒന്ന് ചെന്ന് കാണുന്നത് നല്ലത്. അവളെ ഇതുവരെ പോയി കാണാത്ത സ്ഥിതിക്ക് പ്രതി എന്ന് ആരോപിക്കപ്പെട്ട വ്യക്തിക്കൊപ്പമാണ് ഇവരൊക്കെയെന്ന് വ്യക്തമാണെന്നും സജിത പറഞ്ഞു. ‘കേസ് അട്ടിമറിക്കുന്നതിനും ദിലീപ് അനുകൂല തരംഗമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെടാത്ത കേസില്‍ പ്രതിയെ ചെന്ന് കണ്ട ശേഷം സിനിമാക്കാരെല്ലാം ആ വ്യക്തിയുടെ കൂടെ നില്‍ക്കണം എന്ന് ഒരു എംഎല്‍എ പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. വാക്കാല്‍ മാത്രമാണ് നടിക്കുള്ള ഇവരുടെ പിന്തുണ. സുഹൃത്തായ ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അയാള്‍ക്കൊപ്പം നില്‍ക്കണമെന്ന പുരുഷന്മാരുടെ രീതിയായിരിക്കാം ഇത്. ഇത് വലിയ ഒരു പി.ആര്‍ വര്‍ക്കാണെന്നാണ് എനിക്ക് തോന്നുന്നത്.” അവളുടെ ഒപ്പം നില്‍ക്കണമെന്നില്ല. പക്ഷെ എതിരായ നിലപാട് സ്വീകരിക്കാതിരിക്കാമായിരുന്നെന്നും സജിത പറയുന്നു.