ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിന്റെ ആദ്യദിനത്തിൽ ചാമ്പ്യന്മാരായ ലിവർപൂളിനും കരുത്തരായ ആഴ്‌സലനലിനും ജയം. രണ്ടാം ഡിവിഷനിൽ നിന്ന് പ്രമോഷൻ ലഭിച്ചെത്തിയ ലീഡ്‌സ് യുനൈറ്റഡിനെ വാശിയേറിയ പോരാട്ടത്തിൽ ലിവർപൂൾ മൂന്നിനെതിരെ നാലു ഗോളിന് തോൽപ്പിച്ചപ്പോൾ ഫുൾഹാമിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു ഗണ്ണേഴ്‌സിന്റെ ജയം. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് സതാംപ്ടണെ ഒരു ഗോളിന് വീഴ്ത്തി.

ആൻഫീൽഡിലെ ഗോൾമഴ പെയ്ത മത്സരത്തിൽ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ഹാട്രിക്കാണ് ലിവർപൂളിന് ജയമൊരുക്കിയത്. മൂന്നുതവണ പിന്നിൽ നിന്ന ശേഷം തിരിച്ചുവന്ന ലീഡ്‌സ് യുർഗൻ ക്ലോപ്പിന്റെ സംഘത്തെ 3-3 ൽ പിടിച്ചുകെട്ടുമെന്ന് തോന്നിച്ചെങ്കിലും 88-ാം മിനുട്ടിൽ പെനാൽട്ടി വഴങ്ങിയതോടെയാണ് കളി കൈവിട്ടത്.

നാലാം മിനുട്ടിൽ പെനാൽട്ടിയിലൂടെ സലാഹ് ടീമിനെ മുന്നിലെത്തിച്ചപ്പോൾ 12-ാം മിനുട്ടിൽ ഹാരിസൺ ലീഡ്‌സിനെ ഒപ്പമെത്തിച്ചു. 20-ാം മിനുട്ടിൽ വിർജിൽ വാൻഡൈക്ക് ലിവർപൂളിന് വീണ്ടും ലീഡ് നൽകി. എന്നാൽ, പത്ത് മിനുട്ടിനു ശേഷം ബാംഫോർഡ് സമനില ഗോൾ കണ്ടെത്തി. 33-ാം മിനുട്ടിൽ സലാഹ് വീണ്ടും ഗോളടിച്ചെങ്കിലും ഇടവേള കഴിഞ്ഞെത്തിയ ശേഷം സന്ദർശകർ മാത്യൂസ് ക്ലിക്കിലൂടെ വീണ്ടും ഒപ്പമെത്തി. അവസാന നിമിഷം വീണുകിട്ടിയ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചാണ് സലാഹ് ഹാട്രിക് തികച്ചതും ടീമിനെ വിജയത്തിലെത്തിച്ചതും. പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തില്‍ ഹാട്രിക് നേടുന്ന ആദ്യതാരമായി ഇതോടെ സലാഹ്.

അലക്‌സാണ്ടർ ലാകസെറ്റ്, ഗബ്രിയേൽ മഗല്ലേസ്, പിയറി ഒബാമിയാങ് എന്നിവരുടെ ഗോളിലാണ് ആർസനൽ ഫുൾഹാമിനെ തകർത്തത്. സതാംപ്ടണനെതിരെ വിൽഫ്രഡ് സാഹ ക്രിസ്റ്റൽ പാലസിന്റെ ഏകഗോൾ നേടി. ഇന്ന് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി വെസ്റ്റ്‌ബ്രോംവിച്ചിനെയും ടോട്ടനം ഹോട്‌സ്പർ എവർട്ടനെയും നേരിടും.