ഗണിതശാസ്ത്രത്തില്‍ സ്‌കോളര്‍ഷിപ്പോടെ ഗവേഷണം നടത്തുവാനും ചില ദേശീയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുവാനുമായി നടത്തുന്ന ജോയിന്റ് സ്‌ക്രീനിങ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ആണവോര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്‌സ് ആണ് പരീക്ഷ നടത്തുന്നത്. ഗണിതശാസ്ത്രത്തില്‍ പി.എച്ച്.ഡി ചെയ്യുന്നവര്‍ക്ക് എന്‍.ബി.എച്ച്.എം സ്‌കോളര്‍ഷിപ്പ് നല്‍കുക ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. കൂടാതെ അലഹബാദിലെ പ്രയാഗിലുള്ള ഹരീഷ് ചന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ്, ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്നിവിടങ്ങളില്‍ മാത്തമാറ്റിക്‌സില്‍ പി.എച്ച്.ഡി/ ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രവേശനത്തിനുള്ള പരീക്ഷ കൂടിയാണ് ജോയിന്റ് സ്‌ക്രീനിങ് ടെസ്റ്റ്.

അപേക്ഷകര്‍ക്ക് ഗണിതശാസ്ത്രത്തില്‍ ഗവേഷണ താല്‍പര്യമുണ്ടാകണം. പ്യുവര്‍/അപ്ലൈഡ് മാത്തമാറ്റിക്‌സിലോ സ്റ്റാറ്റിസ്റ്റിക്‌സിലോ മാസ്‌റ്റേഴ്‌സ് ബിരുദമുള്ളവരോ, ഈ കോഴ്‌സുകളുടെ അവസാന വര്‍ഷം പഠിക്കുന്നവരോ ആയിരിക്കണം. പ്ലസ്ടു തലം മുതല്‍ എല്ലാ കോഴ്‌സുകളും ഫസ്റ്റ്ക്ലാസ് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോടെ സ്ഥിരതയുള്ള അക്കാദമിക് മികവ് ഉണ്ടായിരിക്കണം. രണ്ടാം ക്ലാസോടെ ബി.എസ്.സി ഓണേഴ്‌സ് ജയിച്ചവര്‍ക്ക് മാസ്‌റ്റേഴ്‌സ് ഡിഗ്രിയുണ്ടെങ്കില്‍ അല്ലെങ്കില്‍ ഈ കോഴ്‌സിന്റെ അന്തിമ വര്‍ഷത്തിലാണ് പഠിക്കുന്നതെങ്കില്‍ അപേക്ഷിക്കാം. എന്നാല്‍ 2019 ഓഗസ്റ്റിനകം പി.എച്ച്.ഡി പ്രവേശനം നേടുകയാണെങ്കില്‍ മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹത ലഭിക്കുകയുള്ളൂ.

ബി.എസ്.സി/ബി.സ്റ്റാറ്റ്/ബി.എസ്/ബി.ടെക്/ബി.ഇ യോഗ്യതയുള്ളവര്‍ ഈ കോഴ്‌സിന്റെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് സ്ഥിരതയുള്ള അക്കാദമിക് മികവ് പ്ലസ്ടു മുതല്‍ ഉണ്ടെങ്കില്‍ അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.hri.res.in, www.iiserpune.ac.in, www.imsc.res.in, www.niser.ac.in