കെ.പി ജലീല്‍

കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലൊന്നില്‍വെച്ച് നവംബര്‍ പതിനേഴിന് കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ (27) മൃതദേഹം വീണ്ടെടുക്കുന്നതിനെച്ചൊല്ലി വിവാദം മുറുകുകയാണിപ്പോള്‍. സെന്റിനല്‍ ആദിവാസിഗോത്ര വര്‍ഗക്കാരായ ഏതാനും പേരാണ് കൊലപാതകികളെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിരോധനമുണ്ടായിരുന്ന ദ്വീപിലേക്ക് ജോണ്‍ അലന്‍ ചൗ അതിക്രമിച്ചുകടന്നുവെന്നാണ് കരുതപ്പെടുന്നത്. ഏതാനും മല്‍സ്യത്തൊഴിലാളികളാണ് അലനെ സംരക്ഷിത ദ്വീപിലേക്ക് പോകുന്നതിന് സഹായിച്ചത്. അവിടെ എത്തിയയുടന്‍ ആദിവാസി ഗോത്ര വിഭാഗക്കാര്‍ അമ്പെയ്ത് അലനെ കൊലപ്പെടുത്തിയെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. ലോകത്തെ അത്യപൂര്‍വ മനുഷ്യവര്‍ഗമായാണ് സെന്റിനലുകള്‍ കണക്കാക്കപ്പെടുന്നത്. വലിയ ചോദ്യശരങ്ങളും വിമര്‍ശനങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. അമേരിക്കന്‍ പൗരന്‍ വിദേശ രാജ്യത്ത് കൊല്ലപ്പെടുന്നതിനെ വലിയ ഗൗരവത്തോടെയാണ് സ്വാഭാവികമായും വൈറ്റ്ഹൗസ് കാണുന്നത്. എന്നുമാത്രമല്ല, പൗരന്റെ മൃതശരീരം വീണ്ടെടുക്കാന്‍ കഴിയുന്നില്ലെന്നത് അമേരിക്കയെയും ഇന്ത്യയെയും കുഴക്കുന്ന വിഷയം കൂടിയാണ്. കഴിഞ്ഞദിവസം കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടില്‍ ദ്വീപിനടുത്തേക്ക് ഉദ്യോഗസ്ഥര്‍ പോകാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ ഇടപെടല്‍മൂലം അത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയ അതിര്‍ത്തി രക്ഷാസേന ആന്‍ഡമാന്‍ ഭരണകൂടത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ദ്വീപില്‍ ഒരിടത്ത് ആദിവാസികള്‍ അമ്പും വില്ലുമായി നില്‍ക്കുന്നത് കണ്ടതായി പറയുന്നു. വടക്കന്‍ സെന്റിനല്‍ ദ്വീപില്‍ നിന്ന് 400 മീറ്റര്‍ അകലെ വരെ പൊലീസ് സംഘം ചെന്നിരുന്നതായും ആദിവാസികള്‍ അമ്പും വില്ലുമായി നിലയുറപ്പിച്ചത് കണ്ട് ഏറ്റുമുട്ടല്‍ ഒഴിവാക്കി മടങ്ങിവരികയായിരുന്നുവെന്നുമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസ് മേധാവി ദീപേന്ദ്ര പഥക് അറിയിച്ചത്. അലന്റെ മൃതശരീരം കുഴിച്ചിട്ട സ്ഥലത്ത് കാവല്‍ നില്‍ക്കുകയാണ് ഗോത്ര വര്‍ഗക്കാരെന്നാണ് കരുതപ്പെടുന്നത്. അതേസമയം വിഷയത്തില്‍ രാജ്യാന്തര ഗോത്ര വര്‍ഗ സംരക്ഷണവാദികള്‍ ഉയര്‍ത്തുന്ന ആശങ്കയും ആവശ്യവും മറ്റൊന്നാണ്. അതാണ് പ്രശ്‌നത്തെ രാജ്യാന്തരതലത്തിലേക്ക് വിട്ടിരിക്കുന്നതും. ഗോത്രവിഭാഗക്കാരുടെ സംരക്ഷിത പ്രദേശത്തേക്ക് അതിക്രമിച്ചുകടന്ന് അവരുടെ സൈ്വര്യജീവിതത്തെ ശല്യപ്പെടുത്തിയ അമേരിക്കന്‍ പൗരന്‍ ചെയ്തത് ക്രൂരതയാണെന്നാണ് അവരുടെ അഭിപ്രായം. മുഖ്യധാരാസമൂഹവുമായി ഒരു വിധത്തിലും ഇടപെടില്ലെന്ന വാശിയുള്ളവരാണ് സെന്റിനലുകള്‍. ശത്രുക്കളായാണ് അവര്‍ മറ്റുള്ളവരെ കാണുന്നത്. ഇക്കൂട്ടരുടെ വംശവര്‍ധന നിലച്ചിട്ട് കാലമേറെയായി. അടുത്ത കാലത്തായി നടത്തിയ പഠനങ്ങളില്‍ ഇവരുടെ സംഖ്യ വെറും വിരലിലെണ്ണാവുന്നത് മാത്രമാണെന്നാണ് പറയപ്പെടുന്നത്. 19 നും 30നും ഇടയിലാണ് ഇവരുടെ ജനസംഖ്യയത്രെ. 40നും 500നും ഇടയിലെന്നും വാദമുണ്ട്. നേരിട്ട് കടന്നുചെല്ലാനാവാത്തതിനാല്‍ എണ്ണപ്പെടാത്ത പട്ടികയിലാണ് ഇവരെ ഉള്‍പെടുത്തിയിരിക്കുന്നത്. ഇവരെ ബന്ദികളാക്കിയോ കൊലപ്പെടുത്തിയോ അലന്റെ മൃതദേഹം വീണ്ടെടുക്കുന്നതിനെ രാജ്യാന്തര തലത്തില്‍ ആദിവാസി ഗോത്രവിഭാഗങ്ങളുടെ ജീവിതത്തെക്കുറിച്ചും മറ്റും പഠനം നടത്തുന്നവര്‍ അതിശക്തമായി എതിര്‍ക്കുകയാണ്.
വേണ്ടിവന്നാല്‍ ആദിവാസികളെ തോക്കോ മറ്റോ ഉപയോഗിച്ച് നേരിട്ട് മൃതദേഹം വീണ്ടെടുക്കാവുന്നതേ ഉള്ളൂ. എന്നാല്‍ അത് ചെയ്യുന്നത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലെ അപൂര്‍വ മനുഷ്യവര്‍ഗത്തോട് ചെയ്യുന്ന കൊടും ക്രൂരതയായിരിക്കുമെന്ന് നരവംശശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഗോത്ര-ആദിവാസി വിഭാഗങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ച് ഗവേഷണം നടത്തിവരികയാണ് ഇവര്‍. ജോണ്‍ അലന്‍ എന്ത് ഉദ്ദേശ്യം വെച്ചാണ് സെന്റിനലുകളുടെ അടുത്തേക്ക് ചെന്നതെന്നത് ഇനിയും പൂര്‍ണമായി വ്യക്തമല്ല. ഗവേഷണത്തിനാണോ സാഹസികതക്കാണോ എന്നാണ് അറിയേണ്ടത്. എന്നാല്‍ ജോണ്‍ അലന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിയാണെന്നാണ് മറ്റൊരു അറിവ്. ഇദ്ദേഹം ആദിവാസികളെ മതം മാറ്റുന്നതിനായാണോ ചെന്നതെന്നതിനെക്കുറിച്ചും പൊലീസ് ആരായുന്നുണ്ട്. മല്‍സ്യത്തൊവിലാളികള്‍ക്ക് 25000 രൂപ പ്രതിഫലം നല്‍കിയാണത്രെ ബോട്ടില്‍ ഇയാള്‍ ദ്വീപിലേക്ക് എത്തിയത്. വിഷയം ഇതിനകം തന്നെ പാശ്ചാത്യമാധ്യമങ്ങളില്‍ പ്രാധാന്യമുള്ള വാര്‍ത്തയായിരിക്കുകയാണ്. ഫ്രാന്‍സിന്റെ ഔദ്യോഗികവാര്‍ത്താ ഏജന്‍സിയായ ‘ഏജന്‍സി ഫ്രാന്‍സി പ്രസി’ ന്റെ ലേഖകന്‍ മാത്രമാണ് പോര്‍ട്ട്‌ബ്ലെയറില്‍നിന്ന് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ശേഖരിച്ച് പുറംലോകത്തെത്തിക്കുന്നത്.
സെന്റിനല്‍ എന്നറിയപ്പെടുന്ന ദ്വീപായതിനാലാണ് ഈ ദ്വീപിലെ ആദിവാസികളെ സെന്റിനലികള്‍ എന്നുവിളിക്കുന്നത്. ഓംഗ വംശജരെന്നും ഇവര്‍ അറിയപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ 72 ചതുരശ്ര കിലോമീറ്റര്‍ വെളുത്ത സമുദ്രത്താല്‍ ചുറ്റപ്പെട്ട ദ്വീപാണ് വടക്കന്‍ സെന്റിനല്‍. ആഫ്രിക്കയിലും മറ്റും ഇങ്ങനെ വസ്ത്രം ധരിക്കാതെയും കിഴങ്ങുവര്‍ഗങ്ങള്‍ മാത്രം ഭക്ഷിച്ചും ഇപ്പോഴും ജീവിച്ചുവരുന്ന വിഭാഗങ്ങളുണ്ട്. ഏതാണ്ട് മൂവായിരം കൊല്ലം മുമ്പുതന്നെ ഈ ദ്വീപില്‍ ജനവാസം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിജനവും പുറം ലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതിരുന്ന കാലത്താണ് ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലേക്ക് ബ്രിട്ടീഷ് പട്ടാളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തടവുകാരെ കൊണ്ടുചെന്ന് പാര്‍പ്പിച്ചിരുന്നത്. കുപ്രസിദ്ധമായ ആന്‍ഡമാന്‍ ജയിലില്‍ നിരവധി സ്വാതന്ത്ര്യ പോരാളികളും തടവുകാരായിരുന്നിട്ടുണ്ട്. പില്‍കാലത്ത് കേരളത്തില്‍നിന്നുള്‍പെടെയുള്ളവര്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയര്‍ ഉള്‍പെടെയുള്ള ദ്വീപുകളില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ഥലപ്പേരുകളും അവിടെ സുലഭമാണ്. നാളികേരം, അമ്പും കുന്തവും ഉണ്ടാക്കുന്നതിനായി ഇരുമ്പ് എന്നിവയാണ് സെന്റിനല്‍ ആദിവാസികളുടെ പ്രധാന ആവശ്യം. ഇവ നല്‍കി പലരും മുന്‍കാലങ്ങളില്‍ ആദിവാസികളെ സമീപിച്ചതായി പറയുന്നു. ഇപ്പോള്‍ കേന്ദ്ര സെക്രട്ടറിയേറ്റിലെ പട്ടികവിഭാഗ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റ് ആണ് ഇവരെക്കുറിച്ച് ഇപ്പോള്‍ സര്‍ക്കാരിന് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. വന്‍കരയിലെ മനുഷ്യരെയും ആന്‍ഡമാന്‍ ദ്വീപിലെ തന്നെ മറ്റുള്ള ആദിവാസികളെ പോലും അന്യരായാണ് ഇവര്‍ കാണുന്നത്. അടുത്തുചെന്നാല്‍ ജീവന്‍നഷ്ടം ഉറപ്പാണ്. മുമ്പും പലതവണയും ഇവിടെ അതിക്രമിച്ചുകടക്കുന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലുന്നവരെ അവിടെതന്നെ കുഴിച്ചുമൂടിയ ശേഷം കുറച്ചുദിവസത്തേക്ക് കരയില്‍നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്നന്വേഷിച്ച് കാവല്‍നില്‍ക്കുകയും ചെയ്യും.
കഴിഞ്ഞ കാലങ്ങളില്‍ ഈ ദ്വീപിന്റെ 4.8 കിലോമീറ്റര്‍ ദൂരത്തേക്ക് മറ്റുള്ളവര്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചിരുന്നെങ്കിലും പിന്നീട് പിഴയടക്കാമെന്നാക്കി ഇത് ഭേദഗതി ചെയ്തിരുന്നു. ഇതും മറികടന്ന് തീര്‍ത്തും അനധികൃതമായും യാതൊരുവിധ അനുമതിയില്ലാതെയുമാണ് ജോണ്‍ അലന്‍ സെന്റിനലുകളെ തേടിയെത്തിയത്. അതാകട്ടെ യുവാവിന്റെ അന്ത്യത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണം ഭയന്ന് പൊലീസ് സംഘം പ്രദേശത്തേക്ക് പ്രവേശിക്കുന്നതും തിരച്ചില്‍ തുടരുന്നതും സര്‍ക്കാര്‍ താല്‍കാലികമായി വിലക്കിയിരിക്കുകയാണ്.