കാന്‍ബെറ: പാര്‍ലമെന്റിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.

ഓസ്‌ട്രേലിയയിലെ മുന്‍ രാഷ്ട്രീയ ഉപദേശകയാണ് പാര്‍ലമെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ടത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു അവര്‍ പാര്‍ലമെന്റിനുള്ളില്‍ വെച്ച് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.

യുവതിയുടെ പരാതി കൈകാര്യം ചെയ്ത രീതിയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ മാപ്പു പറഞ്ഞു. യുവതിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിച്ചുവെന്നും പാര്‍ലമെന്റിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതി പുതിയ അന്വേഷണ സംഘത്തെ നിയമിച്ച് പുനരന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. നടപടി സ്വീകരിക്കാന്‍ സ്‌കോട്ട് മോറിസണ്‍ വൈകിയെന്നും പരാതി ഉന്നയിക്കുന്നത് രണ്ട് പെണ്‍കുട്ടികളുടെ അച്ഛനെതിരെയാണ് എന്നത് ഓര്‍ക്കണമെന്നും മോറിസണ്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ പാര്‍ലമെന്റിനുള്ളില്‍ കൊണ്ടു ചെന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പറഞ്ഞത്.താന്‍ മദ്യപിച്ചിരുന്നെന്നും അതുകൊണ്ട് തന്നെ മയങ്ങിപ്പോയെന്നും ഉറക്കമെഴുന്നേറ്റ് നോക്കുമ്പോഴാണ് പീഡിപ്പിക്കപ്പെട്ടുവെന്ന് മനസിലായതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.