തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ തെളിവുകള്‍ ഓരോന്നായി ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ പല തരത്തിലുള്ള കള്ളക്കളികള്‍ തുടരുന്നു. മുഖ്യപ്രതികളായ ശിവശങ്കര്‍, സ്വപ്‌നാ സുരേഷ്, സരിത് എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തിന്റെ തെളിവ് പുറത്തു വരാതിരിക്കാനായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആദ്യം നശിപ്പിച്ചു. ദൃശ്യങ്ങള്‍ നശിപ്പിച്ച ശേഷം സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറാ ഉപകരണങ്ങള്‍ ഇടിവെട്ടി നശിച്ചുപോയെന്ന കൃത്രിമ രേഖയും ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ, സ്വര്‍ണക്കടത്തിന്റെ നിര്‍ണായക രേഖകള്‍ നിലനില്‍ക്കുന്ന പ്രോട്ടോകോള്‍ ഓഫീസിലെ രേഖകളും കമ്പ്യൂട്ടറും കത്തി നശിച്ചിരിക്കുകയാണ്.

 

നേരത്തെ ഇടിവെട്ടി നശിച്ചുപോയെന്ന കൃത്രിമ രേഖകളുണ്ടാക്കിയാണ് സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ തടിയൂരിയത്. അന്ന് മുഖ്യമന്ത്രി പിണറായി അതേ സംബന്ധിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: ‘ഇടി വെട്ടി. അത് നമുക്ക് ആര്‍ക്കെങ്കിലും നിയന്ത്രിക്കാന്‍ പറ്റുമോ? ഇടി വെട്ടിയപ്പോള്‍ ക്ലിഫ് ഹൗസില്‍ കുറേ കാര്യങ്ങള്‍ ഒന്നിച്ചു നശിച്ചു. ഒരിടത്ത് സ്വിച്ചിന് തകരാറ് പറ്റി. ഇതൊക്കെ സാധാരണ നടക്കുന്ന കാര്യമാണ്’.

പുതിയ തീ കത്തിപ്പിടിച്ചു ഫയലുകള്‍ നശിച്ച സംഭവത്തില്‍ പ്രതിപക്ഷം ഉടന്‍ തന്നെ സര്‍ക്കാരിനെതിരെ രംഗത്തുവന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെ പ്രതിപക്ഷ നേതാവിന്റെ എടുത്തുചാടിയുള്ള പ്രസ്താവന എന്നു പറഞ്ഞ് ഇപി ജയരാജന്‍ ലഘൂകരിക്കുകയായിരുന്നു.