സേലത്തിന് സമീപം ബസ് അപകടത്തില്‍പ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ബംഗ്ലൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ കോട്ടയം സ്വദേശി ജിമ്മി ജേക്കബിനെ മാത്രമെ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളു. നാല് മലയാളികള്‍ അപകടത്തില്‍ മരിച്ചതായാണ് വിവരം. പൊലീസ് ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ് ഏഴുപേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് എന്നുമാത്രമാണ് പൊലീസ് നല്‍കുന്ന വിവരം.

ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് അപകടമുണ്ടായത്. സേലം ധര്‍മപുരി ദേശീയപാതയിലാണ് അപകടം നടന്നത്. റോഡരികില്‍ അറ്റകുറ്റ പണിക്കായി നിര്‍ത്തിയിട്ടിരുന്ന രണ്ട് ജീപ്പുകളിലേക്ക് സേലത്ത് നിന്ന് ധര്‍മപുരിയിലേക്ക് പോകുകയായിരുന്നു ബസ് വന്നിടിക്കുകയായിരുന്നു ആദ്യം. ഇടിയുടെ ആഘാതത്തില്‍ ബസ് അല്‍പം നിരങ്ങി നീങ്ങിയപ്പോള്‍ അതിലേക്ക് ബെംഗളുരുവില്‍നിന്ന് വരികയായിരുന്ന വോള്‍വോ ബസ് വന്നിടിക്കുകയായിരുന്നു. രണ്ട് ആശുപത്രികളിലായി 30 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.