മെക്‌സിക്കോ: മെക്‌സിക്കോയെ ഞെട്ടിച്ച പരമ്പര കൊലയാളിയുടെ ക്രൂരതകള്‍ കേട്ട് ഞെട്ടി ലോകം. കഴിഞ്ഞ ആഴ്ചയാണ് പരമ്പര കൊലപാതകി യുവാന്‍ കാര്‍ലോസും ഭാര്യ പെട്രീഷ്യയും പൊലീസിന്റെ വലയിലാകുന്നത്. ചോദ്യം ചെയ്യലില്‍ ഞെട്ടിത്തരിച്ചത് അന്വേഷണ ഉദ്യോഗസ്ഥരാണ്. അതിക്രൂരമായ കൊലപാതക പരമ്പരകള്‍. കടുത്ത സ്ത്രീ വിദ്വേഷിയായി വളര്‍ന്ന യുവാന്‍ കാര്‍ലോസ് ബലാത്സംഗത്തിന് ശേഷം കൊന്ന് തളളിയത് ഇരുപതോളം സ്ത്രീകളെയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

മെക്‌സിക്കോ സിറ്റിയുടെ പ്രാന്തപ്രദേശമായ എക്കാടെപെക്കിലാണ് സംഭവം. സ്ത്രീകളെ വശീകരിച്ചതിനു ശേഷം ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മുറിച്ച് വളര്‍ത്തുനായകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഭാര്യയാണ് ഈ കൊലപാതകങ്ങളില്‍ അയാളെ തുണച്ചിരുന്നത്. കടുത്ത മാനസിക രോഗത്തിന് അടിമകളായിരുന്നു ഇവരെന്ന് പോലീസ് പറയുന്നു.

ഇവരുടെ വീട്ടില്‍ ഉന്തുവണ്ടിയില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് ദമ്പതികള്‍ പൊലീസിന്റെ പിടിയിലായത്. മൂന്ന് യുവതികളും ഒരു കുട്ടിയും കാണാതായ സംഭവത്തിനു പിന്നില്‍ ഇവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരകളെ വശീകരിച്ച ശേഷം ലൈംഗികമായി ഉപയോഗിച്ചിരുന്നതായും, ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തി കൊത്തിനുറുക്കി നായ്ക്കള്‍ക്ക് ഇട്ടു കൊടുത്തിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. യുവാന്‍ കാര്‍ലോസ് കൊലപ്പെടുത്തിയ പല സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് കാലും മറ്റും ചെറു കഷണങ്ങളാക്കി വറുത്ത് തിന്നിരുന്നതായി ഭാര്യ പെട്രീഷ്യയും വെളിപ്പെടുത്തി.

യുവതികളും മധ്യവയസ്‌ക്കകളുമായ 20 സ്ത്രീകളെയാണ് ദമ്പതികള്‍ ഇരയാക്കിയത്. വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയാണ് ഇരകളെ കൂടുതലും ഇവര്‍ ആകര്‍ഷിച്ചിരുന്നത്. ഇവരുടെ മൂന്ന് കുട്ടികള്‍ക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. ചെറുപ്പത്തില്‍ സ്വന്തം അമ്മയോട് തോന്നിയ വൈരാഗ്യമാണ് മെക്‌സിക്കോയുടെ ഹൃദയം തകര്‍ത്ത കൊലപാതക പരമ്പരകള്‍ക്ക് യുവാനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. യുവാന്റെ ചെറുപ്പത്തില്‍ പല പുരുഷന്‍മാരുമായി അമ്മ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നുവെന്നുവെന്നും അമ്മയോടുളള അടങ്ങാത്ത പകയാകാം സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു തളളുന്നതിന് യുവാനെ പ്രേരിപ്പിച്ചതെന്നും മനശാസ്ത്ര വിദഗ്ധരും പറയുന്നു. മാനസികരോഗവും വ്യക്തിത്വ വൈകല്യവും ഉള്ളയാളാണ് യുവാന്‍ കാര്‍ലോസെന്ന് മനശ്ശാസ്ത്ര വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇരുവര്‍ക്കും ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്ന പരീക്ഷണവും വിദഗ്ദ്ധര്‍ നടത്തി.

താന്‍ ഇനി ജയിലില്‍ നിന്ന് പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. വന്നാല്‍ ഇനിയും നിരവധി സ്ത്രീകള്‍ ഇപ്രാകാരം കൊല്ലപ്പെടുമെന്ന് യുവാന്‍ പറഞ്ഞു. താന്‍ ഇരയാക്കിയ 10 പേരുടെ വിവരങ്ങള്‍ കൃത്യമായി യുവാന്‍ കാര്‍ലോസ് പൊലീസിന് നല്‍കി. ബാക്കിയുളള പത്ത് പേരെ കൊലപ്പെടുത്തിയത് ഭാര്യയാണെന്നും ഇയാള്‍ പറഞ്ഞു. ഇരകളുടെ കാലുകള്‍ മുറിച്ചു മാറ്റി കഷണങ്ങളാക്കിയ മാംസതുണ്ടങ്ങള്‍ താനാണ് വറുത്തെടുത്തിരുന്നതെന്നും അത് പിന്നീട് അദ്ദേഹത്തിനൊപ്പം കഴിക്കുമായിരുന്നു എന്നുമാണ് ഭാര്യ പെട്രീഷ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.