കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ എല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരമൂല സ്വദേശി കെ കെ ജനാര്‍ദ്ദനനെയാണ് അറസ്റ്റ് ചെയ്തത്. അധ്യാപകനെ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്റ് ചെയ്തു.

ഇന്നലെയാണ് എല്‍പി സ്‌കൂളിലെ 9 വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നെന്ന പരാതി നല്‍കിയത്. കുട്ടികള്‍ സ്‌കൂളിലേക്ക് വരാന്‍ മടിച്ചതോടെയാണ് അധ്യാപകന്റെ പീഡന വിവരം രക്ഷിതാക്കള്‍ അറിഞ്ഞത്. പരാതിയെ തുടര്‍ന്ന് അധ്യാപകനെ ഡിഡിഇ സസ്‌പെന്റ് ചെയ്തു.

അധ്യാപകനെതിരെ നേരത്തെ പരാതി ഉണ്ടായിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും സ്‌കൂളിലെത്തിയ ഡിഡിഇയേയും എഇഎയേയും തടഞ്ഞു വെച്ചു.
തുടര്‍ന്ന് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസ്സെടുത്തിട്ടുണ്ട്. നാളെ കോടതിയില്‍ ഹാജരാക്കും. വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഡിഡിഇ ഗിരീഷ് ചോലയിലിനാണ് അന്വേഷണചുമതല.