വഡോദര: ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാന്‍ വഡോദര റയില്‍വെസ്‌റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ഫര്‍ഹീദ് ഖാന്‍ പത്താന്‍ എന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനാണ് മരിച്ചത്. ആരാധകര്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ടുപോലീസുകാര്‍ക്ക് പരിക്കേറ്റു. പുതിയ ചിത്രമായ ‘റയീസി’ന്റെ പ്രചരണാര്‍ത്ഥമുള്ള യാത്രയിലാണ് സംഭവം.

തിങ്കളാഴ്ച്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഷാരൂഖ് വഡോദര സ്‌റ്റേഷനിലെത്തിയപ്പോഴാണ് ആളുകള്‍ തടിച്ചുകൂടിയത്. ഷാരൂഖ് ഉണ്ടായിരുന്ന കോച്ചിന് സമീപം ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. തുടര്‍ന്ന് പത്തുമിനിറ്റിനുശേഷം ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ ആളുകള്‍ പിന്നാലെ ഓടി. ആളുകളെ മാറ്റാന്‍ പോലീസ് ലാത്തി വീശുകയായിരുന്നു. എന്നാല്‍ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടി ഒരാള്‍ മരിച്ചു.

ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍, യൂസഫ് പത്താന്‍ എന്നിവരും ഷാരൂഖ് ഖാനെ സന്ദര്‍ശിക്കുന്നതിന് സ്റ്റേഷനിലെത്തിയിരുന്നു.