ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ കേസ്. പുതിയ ചിത്രം റഈസിന്റെ പ്രചാരണത്തിനിടയില്‍ കോലാഹലങ്ങളുണ്ടാക്കിയെന്നതാണ് ഷാരൂഖ് ഖാനെതിരെയുള്ള കേസ്. ലഹളയുണ്ടാക്കി എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. രാജസ്ഥാനിലെ റെയില്‍വേയിലെ കച്ചവടക്കാരനായ വിക്രം സിങ്ങാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഷാരൂഖിനെതിരെ ഐ.പി.സി 147, 149, 160, 427, 120-ബി (സെക്ഷന്‍ 3), 145, 146, റെയില്‍വേ ആക്ട്, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

റഈസിന്റെ പ്രചരണാര്‍ത്ഥം മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസില്‍ ഷാരൂഖ് യാത്ര ചെയ്തിരുന്നു. ട്രെയിന്‍ രാജസ്ഥാനിലെ കോട്ടയിലെത്തിയപ്പോള്‍ നടന്ന സംഘര്‍ഷമാണ് കേസെടുക്കുന്നതിന് കാരണമായത്. സ്റ്റേഷനിലെത്തിയ ഷാരൂഖിനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ആരാധകര്‍ക്ക് നേരെ ഷാരൂഖ് സമ്മാനപ്പൊതി എറിഞ്ഞു നല്‍കുകയും ഇതിന് വേണ്ടിയുള്ള ആരാധകരുടെ ബഹളത്തില്‍ വിക്രം സിങ്ങിന്റെ കട നശിപ്പിച്ചെന്നുമാണ് പരാതി. പണം മോഷ്ടിച്ചുവെന്നും വിക്രംസിങ്ങ് പരാതി നല്‍കിയിരുന്നു. ഉന്തും തള്ളിനുമിടെ പരിക്കേറ്റ വിക്രംസിങ്ങ് ഇപ്പോള്‍ ചികിത്സയിലാണ്.