തിരുവനന്തപുരം: വര്‍ത്തമാനകാല ഇന്ത്യയിലാണ് സ്വാമി വിവേകാനന്ദന്‍ ജീവിക്കുന്നതെങ്കില്‍ സ്വാമി അഗ്നിവേശിനെ അക്രമിച്ചവര്‍ അദ്ദേഹത്തേയും അക്രമിക്കുമായിരുന്നുവെന്ന് ശശി തരൂര്‍ എം.പി. അദ്ദേഹത്തിന്റെ മുഖത്തൊഴിക്കാന്‍ ഇവര്‍ എന്‍ജിന്‍ ഓയിലുമായി വന്നേനെ. തെരുവില്‍ സ്വാമി അഗ്നിവേശിനെ നേരിട്ടതുപോലെ വിവേകാനന്ദനേയും അവര്‍ നേരിട്ടേനെ-തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് അക്രമവും അസഹിഷ്ണുതയും സമകാലിക ഇന്ത്യയില്‍ എന്ന വിഷയത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവല്പമെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.

സ്വാമി വിവേകാനന്ദനും ജനങ്ങളെ ബഹുമാനിക്കണമെന്നാണ് പറഞ്ഞത്. മറ്റെന്തിനെക്കാളും പ്രധാനം മനുഷ്യത്വമാണെന്ന് അദ്ദേഹം പറഞ്ഞേനെ. ഗോള്‍വാള്‍ക്കറുടേതല്ല സ്വാമി വിവേകാനന്ദന്റെ ഹിന്ദുത്വത്തെയാണ് നമ്മള്‍ ആദരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 292 വര്‍ഗീയ സംഘര്‍ഷങ്ങളാണ് രാജ്യത്തുണ്ടായത്. പശുവിന്റെ പേരില്‍ അക്രമിക്കപ്പെട്ട 70 സംഭവങ്ങളുണ്ടായി. ഇതില്‍ 68 എണ്ണവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും തരൂര്‍ പറഞ്ഞു.