ന്യൂ മാഹിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കെ. ഷമേജിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചെറുകല്ലായി മലയങ്കര മീത്തല്‍ വീട്ടില്‍ എം എം ഷാജി(35) പുതിയ പറമ്പത്ത് വീട്ടില്‍ ഷിബിന്‍ രവീന്ദ്രന്‍(27) പുള്ളൂര്‍ നടയന്റവിട ലിജിന്‍ ചന്ദ്രന്‍ (27) എന്നിവരെയാണു വടകര ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ വച്ച് സി.ഐ കെ.ഇ പ്രേമചന്ദ്രനും സംഘവും പിടികൂടിയത്. പള്ളൂരില്‍ സിപിഎം പ്രാദേശിക നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട് അരമണിക്കൂറിനകമണ് അഞ്ചു കിലോമീറ്റര്‍ അകലെ ബിജെപി പ്രവര്‍ത്തകനാ ഷമേജ് കൊല്ലപ്പെട്ടത്.

സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കണ്ണിപ്പൊയില്‍ ബാബുവിന്റെ മൃതദേഹം കണ്ടതിന് ശേഷം പ്രതികാരം ചെയ്യാനുറച്ച് ഷിബിനും ലിജിനും മാഹി വഴി ന്യൂമാഹിയിലെത്തി. വഴിയില്‍ പലരെയും തടഞ്ഞു ഭീഷിണിപ്പെടുത്തിയും അക്രമിക്കാനും ശ്രമിച്ചു. അവിടെ എത്തി ഷാജിയുമായി ആലോചിച്ച് ആയുധങ്ങള്‍ സൂക്ഷിക്കുന്നിടത്തു നിന്ന് ഷാജി വാള്‍ എടുത്തു കൊണ്ടു വന്നു.
ഇതിനിടയില്‍ ഓട്ടോറിക്ഷയുമായി വരികയായിരുന്ന ഷമേജിനെ സമീപത്തെ പച്ചക്കറി കടക്കാരനും മറ്റും ചേര്‍ന്ന് റോഡില്‍ തടഞ്ഞുവെച്ചു. ഷാജി കൊടുവാള്‍ കൊണ്ടു വെട്ടി. ഇറങ്ങി ഓടിയ ഷമേജിനെ ലിജിന്‍ ബൈക്കുമായി പിറകെ ബൈക്കിലിടിപ്പിച്ചു വീഴ്ത്തി. തുടര്‍ന്ന് ഷാജിയും ഷിബിനും ചേര്‍ന്ന് തലയക്കും ദേഹത്തും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.