തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ യു.എ.പി.എ ചുമത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി ആളുകളെ കൊല്ലാന്‍ ശ്രമിക്കുകയാണെങ്കില്‍ യു.എ.പി.എ. സെക്ഷന്‍ 15 അനുസരിച്ചാണ് കേസ് എടുക്കേണ്ടത്. എന്തുകൊണ്ടാണ് ഇവിടെ ഈ വകുപ്പ് ചുമത്താത്തത്?
സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന്റെ കൈകളില്‍ ചോര മണക്കുകയാണ്. മനുഷ്യ രക്തത്തിന്റെ രുചി പിടിച്ച കടുവകളെപ്പോലെയാണ് സംസ്ഥാനം ഭരിക്കുന്ന സി.പി.എം. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം 23 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ വിളഭൂമിയായി കണ്ണൂര്‍ മാറുകയാണ്. ഇടതുമുന്നണി ഭരിക്കുമ്പോള്‍ കൊലയാളികള്‍ക്ക് സുവര്‍ണ്ണകാലമാണ്. ഒരു കൊല നടത്തിയാല്‍ അവരെ പാര്‍ട്ടി സംരക്ഷിക്കും. സംസ്ഥാന ഭരണം ഉപയോഗിച്ച് പാര്‍ട്ടി കൊലപാതകങ്ങള്‍ നടത്തി ആ കൊലപാതകികളെ രക്ഷിക്കുന്ന നടപടികളാണ് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. തല്ലിയാല്‍ പോര വെട്ടുകതന്നെ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെന്നാണ് മൊഴി. അത് നേതാക്കള്‍ ആവശ്യപ്പെട്ടുവെന്നാണ് മൊഴി.
ഇവിടെ കൊലയാളി സംഘങ്ങള്‍ക്കുവേണ്ടി കോടികള്‍ പിരിക്കുന്നു. സഹകരണ ബാങ്കില്‍ ജോലി കൊടുക്കുന്നു. കൊലയാളികള്‍ക്ക് ജയിലില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് നല്‍കുന്നത്. അതിനെപ്പറ്റി പുറത്തുപറയുന്ന ജയില്‍ ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ഉത്തരേന്ത്യയില്‍ സംഘ്പരിവാറും ആര്‍.എസ്.എസ്സും ചെയ്യുന്നത് ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഷുഹൈബ് വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യത്തില്‍നിന്നു പിന്നോട്ടില്ല. സി.ബി.ഐ. അടക്കമുള്ള ഏതന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ഏ.കെ.ബാലന്‍ നേരത്തേ പറഞ്ഞതാണ്. എന്നിട്ട് ഇപ്പോള്‍ പുറകോട്ടു പോകുന്നു. അതാണു നിലപാടെങ്കില്‍ നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ തേടും. കൊല നടത്തിയാലും പാര്‍ട്ടി സംരക്ഷിക്കുമെന്നാണ് ആകാശ് തില്ലങ്കേരി മൊഴിയില്‍ പറഞ്ഞത്. ഡമ്മി പ്രതികളെയിറക്കി പാര്‍ട്ടി സംരക്ഷിക്കുമെന്നാണ് മൊഴി. ഇതേ സമയത്താണ് ടി.പി.ചന്ദ്രശേഖരന്‍ കേസ്സിലെ പ്രതികള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ടി.പി.ചന്ദ്രശേഖരനെ കൊന്ന അതേ രീതിയിലാണ് ഷുഹൈബിനെയും കൊന്നത്.
ഈ സമയത്ത് പുറത്തിറങ്ങി, വെളിയില്‍ നില്‍ക്കുന്ന പ്രതികള്‍ക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കുമോ? പൊലീസ് അന്വേഷണം നടത്തുന്നില്ലെന്ന് മാത്രമല്ല, ഇതു സംബന്ധിച്ച് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ലെന്നും രമേശ് ചൂണ്ടിക്കാട്ടി.