ജയില്‍ ചാടിയ സിമി തടവുകാരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം വഴിത്തിരിവിലേക്ക്. ആയുധധാരികളായ ഭീകരര്‍ക്കു മുന്നില്‍ ജീവന്‍ അപകടത്തിലായേക്കുമെന്ന ഘട്ടത്തിലാണ് പൊലീസ് വെടിവെച്ചതെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് ഠാക്കൂറിന്റെ വാദത്തിന് തിരിച്ചടിയാവുന്ന വീഡിയോ ഇന്ത്യാ ടുഡേ പുറത്തുവിട്ടു. നിലത്തു കിടക്കുന്ന തടവുകാരില്‍ ഒരാളെ പോയിന്റ ബ്ലാങ്കില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു കൊല്ലുന്ന ദൃശ്യമാണ് പുറത്തായിരിക്കുന്നത്. ഭീകരനെ ജീവനോടെ പിടിച്ചാല്‍ കേസന്വേഷണത്തില്‍ നിര്‍ണായമാകുമെന്നിരിക്കെ അതിനു മുതിരാതെ വെടിവെച്ചതെന്തിന് എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

തുറസ്സായ പ്രദേശത്ത് നിലത്ത് വീണുകിടക്കുന്നവരില്‍ ജീവനോടെയുള്ള ഒരാളെ ഉന്നം പിടിച്ച് വെടിവെക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. മരിച്ചു കിടക്കുന്നവരില്‍ ആരുടെ അടുക്കലും തോക്ക് അടക്കമുള്ള മാരകായുധങ്ങള്‍ കാണാനില്ല. ഇന്ത്യാ ടുഡേയിലെ മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് ആണ് ട്വിറ്ററില്‍ വീഡിയോ പുറത്തുവിട്ടത്.

ഇതേപ്പറ്റി ആഭ്യന്തര മന്ത്രിയോട് ചോദിച്ചെങ്കിലും, അത്യാവശ്യ ഘട്ടത്തിലാണ് പൊലീസ് വെടിയുതിര്‍ത്തത് എന്ന ഭാഷ്യത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ, ഏറ്റുമുട്ടലില്‍ സംശയം ഉന്നയിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമടക്കം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ കാണാം

 


Related:
സിമി തടവുചാട്ടം എന്‍.ഐ.എ അന്വേഷിക്കും
ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസും എ.എ.പിയും