Connect with us

kerala

സി.പി.എം വിട്ടതിന് കാരണം പാർട്ടിയിൽ നിന്നേറ്റ അപവാദ പ്രചാരണം മൂലം: സിന്ധു ജോയ്

പിത്രുശൂന്യരായ ‘ചിലർ നിരത്തിയ അപവാദങ്ങളുടെ ശരശയ്യയിൽ പിടഞ്ഞുതീരുകയായിരുന്നുവെന്നും അവർ ഓർക്കുന്നു.

Published

on

സി.പി.എം വിട്ടതിന് കാരണം പാർട്ടിയിൽ നിന്നേറ്റ അപവാദ പ്രചാരണം മൂലമാണെന്ന് മുൻ പാർട്ടി അംഗം സിന്ധു ജോയ്. തന്റെ ഫെയ്സ്ബൂക് പോസ്റ്റിലാണ് പാർട്ടിയിൽ നിന്നിറങ്ങേണ്ടിവന്ന ചതിയുടെ നാൾവഴികളെ  കുറിച്ച്  സിന്ധു ജോയ് കുറിപ്പിൽ വിശദമായി എഴുതിയിരിക്കുന്നത്.പാർട്ടിയിലെ വിഭാഗീയതയുടെ അസുരവിത്തുകൾ കരുതിക്കൂട്ടി ഒരുക്കിയ വാരിക്കുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് അവർ പറയുന്നു.പിത്രുശൂന്യരായ ‘ചിലർ നിരത്തിയ അപവാദങ്ങളുടെ ശരശയ്യയിൽ പിടഞ്ഞുതീരുകയായിരുന്നുവെന്നും അവർ ഓർക്കുന്നു.

 

കുറിപ്പിന്റെ പൂർണ്ണരൂപം :

സൂസന്നയും ദാനിയേലും പിന്നെ നികേഷ്‌കുമാറും…

ഞാൻ കൊളുത്താതെ എനിക്കുചുറ്റും എരിഞ്ഞ അപവാദത്തിന്റെ അഗ്നി! ഒരുപക്ഷെ, അതിൽ പൂർണമായി എരിഞ്ഞമർന്നേനെ ഞാൻ. വിഭാഗീയതയുടെ അസുരവിത്തുകൾ കരുതിക്കൂട്ടി ഒരുക്കിയ വാരിക്കുഴി ആയിരുന്നു ആ നുണക്കഥ. ചെങ്കൊടിത്തണലിൽ നിന്ന് കണ്ണുനീരോടെ പടിയിറങ്ങാനും കാരണക്കാരായത് നെറികേടിന്റെ ആ ‘നേരാങ്ങള’മാർ!

ബൈബിൾ പഴയനിയമത്തിൽ സൂസന്ന എന്നൊരു യുവതിയുടെ കഥയുണ്ട്. അപവാദത്തിന്റെ അഗ്നിയിൽ എരിഞ്ഞ അവളുടെ പരിശുദ്ധി തെളിയിച്ചത് ദാനിയേൽ എന്ന കൊച്ചു പയ്യനാണ്. ഇന്നലെ റിപ്പോർട്ടർ ചാനലിൽ എം വി നികേഷ്‌കുമാർ നടത്തിയതും സമാനമായൊരു വെളിപ്പെടുത്തൽ. അക്കാലം ഇന്ത്യാവിഷൻ ചാനലിനെ നയിച്ച എം വി നികേഷ്‌കുമാറിന്റെ സാക്ഷ്യം അങ്ങേയറ്റം സത്യമാണ്. നീണ്ട പതിനാറു വർഷം നുണയുടെ കല്ലടപ്പുകൊണ്ട് മൂടിവച്ച സത്യത്തെ തുറന്നുകാട്ടുകയായിരുന്നു ഇപ്പോൾ റിപ്പോർട്ടർ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് ആയ നികേഷ്. എത്ര മൂടിവെച്ചാലും സത്യം ഒരുനാൾ ശുഭ്രശോഭയോടെ പുറത്തുവരും. കാലം കാത്തുവച്ച കാവ്യനീതി. നന്ദി നികേഷ്!
(ലിങ്ക് ആദ്യകമന്റിൽ)

എന്തിനു ഞാൻ പാർട്ടി വിട്ടു എന്ന് ഫേസ്‌ബുക്ക് കമന്റുകളിലും ഇൻബോക്സിലും ചോദിച്ച പ്രിയ സഖാക്കളുടെ ശാഠ്യപൂർണമായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ പോസ്റ്റ്; സിന്ധു ജോയി എന്തിനു പാർട്ടി വിട്ടു? അന്നുമുതൽ ഉയരുന്ന ചോദ്യമാണിത്. ഇന്നുമോർക്കുന്നു; ആ ദിവസങ്ങളിലൊന്നിൽ മലപ്പുറത്തെ ഒരു ഗ്രാമത്തിൽ നിന്ന് ഒരു പയ്യൻ എന്നെ വിളിച്ചത് കരഞ്ഞുകൊണ്ടാണ്. സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണത്രെ അവൻ എന്റെ രാജിവാർത്ത അറിഞ്ഞത്. കളിക്കളത്തിലിരുന്ന് വിതുമ്പിക്കരഞ്ഞ അവനെ കൂട്ടുകാരാണ് സമാശ്വസിപ്പിച്ചത്. ഓർക്കുമ്പോൾ ഇപ്പോഴുമെനിക്ക് ഉള്ളിലൊരു നൊമ്പരം ബാക്കി; അങ്ങനെ എത്രയെത്ര സ്നേഹസ്പർശങ്ങൾ!

വെറും 43 ദിവസം മാത്രമാണ് ഞാൻ കോൺഗ്രസിൽ പ്രവർത്തിച്ചത്. ‘സ്വരം നന്നായിരുന്നപ്പോൾ തന്നെ’ ആ പാട്ട് ഞാൻ പാടിത്തീർത്തു! പിന്നീട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ഞാൻ പ്രവർത്തിച്ചില്ല; സ്വയം തീർത്ത ഏകാന്തതയുടെ വാല്മീകത്തിൽ സ്വയം തെരെഞ്ഞെടുത്ത തപസ്യ.

ഒരു സ്നേഹക്കൂടാരത്തിൽ നിന്ന് സ്വയം ഇറങ്ങിപ്പോയവളുടെ കുറ്റബോധം ഇന്നും ഇല്ലാതില്ല. പക്ഷേ, അതിലേക്ക് നയിച്ച ചതിയുടെ നാൾവഴികൾ നിങ്ങളറിയണം. തിരുവനന്തപുരത്തെ ഒരു ഓഫീസിനെ ചുറ്റിപ്പറ്റി രൂപപ്പെട്ട ‘അഞ്ചാംപത്തി’കളുടെ ഒരു ചെറുസംഘം. ഇവരിൽ പലരും ആ നാളുകളിൽ തന്നെ അച്ചടക്കനടപടി നേരിട്ട് പുറത്തായി. എന്നാൽ, പാർട്ടിക്കെതിരെ അവരൊരു സിൻഡിക്കേറ്റ് തന്നെ രൂപീകരിച്ചിരുന്നു. സിന്ധു ജോയി അവർക്കൊരു ഇരയായിരുന്നു; ദയ അർഹിക്കാത്ത ഇര! വൻസ്രാവുകളെ കുടുക്കാൻ അവർ കണ്ടെത്തിയ വെറും ഇര. അവിവാഹിതയും അനാഥയും യുവതിയുമായ ഒരു ഇര. അവർ ഒരുക്കിയ പെരുംനുണയുടെ അരക്കില്ലത്തിൽ നീണ്ട 16 വർഷങ്ങൾ കൊണ്ട് കത്തിയമർന്നത് എന്റെ സൽപ്പേര്, സ്വസ്ഥത. ഇതെഴുതുമ്പോഴും ഒരു വിങ്ങലുണ്ട് ഹൃദയത്തിൽ!

ആ നുണക്കഥ ചില മാധ്യമ കൂട്ടായ്മകളിലും മറുഭാഗത്തെ ചില നേതാക്കളുടെ വെടിവട്ടങ്ങളിലും മാത്രം ഒതുങ്ങിനിന്നു ആദ്യമൊക്കെ. പക്ഷേ, 2009 ലോക്‌സഭാ ഇലക്ഷനിൽ എറണാകുളത്തെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി സിന്ധു ജോയിയെ പാർട്ടി പ്രഖ്യാപിച്ചപ്പോൾ ആ നുണബോംബ് അതിൻ്റെ സകല രൗദ്രതകളോടെയും പൊട്ടിച്ചിതറി. തികച്ചും അപ്രതീക്ഷിതമായിരുന്നു എന്റെ സ്ഥാനാർത്ഥിത്വം; പാർട്ടി പറഞ്ഞു, ഞാൻ അനുസരിച്ചു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ലോക്സഭാ സ്ഥാനാർത്ഥിയായി എറണാകുളത്തേക്ക് തീവണ്ടി കയറുമ്പോൾ വരാനിരിക്കുന്ന വിപത്തിന്റെ ചെറുസൂചന പോലും എനിക്കുണ്ടായിരുന്നില്ല. ജനിച്ച നഗരമാണെങ്കിലും അജ്ഞാതമായിരുന്നു അവിടുത്തെ രാഷ്ട്രീയ അടിയൊഴുക്കുകൾ.

ഒരു നാലാംകിട വാരികയുടെ താളുകളിൽ അവരെന്റെ രാഷ്ട്രീയജാതകം കുറിച്ചു; മസാലയിൽ പൊരിച്ചെടുത്ത ആ നുണക്കഥ ആ മഞ്ഞത്താളുകളിൽ അച്ചടിച്ച് എറണാകുളത്തെ വീടുവീടാനന്തരം വിതരണം ചെയ്തു. പാർട്ടിയിലെ പുറത്താക്കപ്പെട്ട കുലംകുത്തികൾ തന്നെയാണ് ആ തിരക്കഥയുടെ സംവിധായകർ എന്ന് ‘പത്രാധിപർ’ കഴിഞ്ഞ ദിവസം പരസ്യമായി കുമ്പസാരിച്ചതും കേട്ടു. തെരെഞ്ഞെടുപ്പിൽ പാർട്ടിക്കാർക്കിടയിൽ വിഭാഗീയത ഉണ്ടായിരുന്നുവെന്നത് സത്യം തന്നെ. ഇക്കിളി മാസിക വിതരണം ചെയ്തത് സിപിഎംകാർ തന്നെയെന്ന് അടുത്തകാലംവരെ ഞാനും വിശ്വസിച്ചു. എന്നാൽ പാർട്ടി ഇടപെട്ട് ഇവയുടെ വിതരണം തടഞ്ഞിരുന്നെന്ന സത്യവും അടുത്തകാലത്തു ബോധ്യമായി.

അവിടെയും അവസാനിച്ചില്ല ചതിയുടെ ആ പത്മവ്യൂഹം. പ്രചാരണത്തിന് സഖാവ് വി എസ് എത്തിയപ്പോൾ ഏറെ അകലെയുള്ള മറ്റൊരു സ്റ്റേജിൽ തളച്ചിടപ്പെട്ടുപോയി ഞാൻ. മറ്റൊരിടത്ത് പ്രചാരണം നടത്തിയിരുന്ന ഞാൻ സഖാവ് വിഎസിന്റെ വേദിയിൽ എത്തുന്നതിൽ നിന്ന് ചിലരെന്നെ തടഞ്ഞു. അവർ ഇറക്കിയത് കൗടില്യനെ വെല്ലുന്ന തന്ത്രങ്ങൾ. സഖാവ് അച്യുതാനന്ദന്റെ വേദിയിൽ സ്ഥാനാർഥി സിന്ധു ജോയി മനഃപൂർവം എത്തിയില്ല എന്നായിരുന്നു പിറ്റേന്ന് ചില പത്രങ്ങളുടെ തലക്കെട്ട്. ഇത് അദ്ദേഹത്തിന്റെ ചെവിയിലും എത്തിച്ചു ഈ ശകുനികളുടെ കൂട്ടം. അക്കാലംവരെ എന്നെ വാത്സല്യത്തോടെ കണ്ടിരുന്ന അദ്ദേഹത്തിൻറെ കണ്ണുകളിൽ ഞാൻ വെറുക്കപ്പെട്ടവളായി. ഒടുക്കം ചെറിയൊരു മാർജിനിൽ എതിർ സ്ഥാനാർഥി ജയിച്ചു.

സത്യമാണ്; തോൽവി എന്നെ തളർത്തിയില്ല. എന്നാൽ പിത്രുശൂന്യരായ ‘അവർ’ നിരത്തിയ അപവാദങ്ങളുടെ ശരശയ്യയിൽ ഞാൻ പിടഞ്ഞു; അവരെന്നെ തകർത്തുകളഞ്ഞു എന്ന് പറയുന്നതാകും കൂടുതൽ ശരി.

ആരുമില്ലാത്തവളാണ് ഞാനെന്ന ചിന്ത കൂടുതൽ ദുർബലയാക്കി. പാർട്ടി എന്ന ഉരുക്കുകോട്ടയ്ക്കുള്ളിൽ എക്കാലവും സുരക്ഷിതയായിരുന്നു ഞാൻ. ആ സുരക്ഷിതതത്വമാണ് ഏതാനും ചില വ്യക്തികളുടെ ചതിക്കെണിയിൽ ഇല്ലാതെയായത്. എന്റെ ആത്മാഭിമാനമാണ് അവർ തുലച്ചത്; ജീവിതമാണവർ താളം തെറ്റിച്ചത്; സ്ത്രീത്വത്തെയാണ് അവർ അപമാനിച്ചത്.

സ്വന്തമായി അപ്പോഴെനിക്കൊരു വീടില്ലായിരുന്നു; എനിക്ക് ജോലിയോ വരുമാനമാർഗങ്ങളോ ഉണ്ടായിരുന്നില്ല. ചില സ്‌കോളർഷിപ്പുകൾ, വിദേശത്തു ഡോക്ടർ ആയ അമ്മായി അയച്ചുതരുന്ന പഠനസഹായം എന്നിവയായിരുന്നു എന്റെ മൂലധനം. തിരുവനന്തപുരത്തെ പഠനകാലയളവിൽ തുടർച്ചയായി യൂനിവേഴ്‌സിറ്റി ഹോസ്റ്റലിൽ കഴിയാൻ സാധിച്ചത് അനുഗ്രഹമായി; വാടക നിസാരമാണല്ലോ, ഭക്ഷണവും കിട്ടും.

മറ്റെല്ലാ കുട്ടികൾക്കും അവധിക്കാലം ആഹ്ളാദകരമാണ്; പക്ഷേ, പോകാനൊരിടം ഇല്ലാത്തതുകൊണ്ട് അവധിക്കാലങ്ങളെ ഞാൻ വെറുത്തു. ഹോസ്റ്റൽ മെസ്സും അപ്പോൾ ഉണ്ടാവില്ലല്ലോ? വഴിയോരത്തെ ചെറുകടയിൽ നിന്ന് വാങ്ങുന്ന ബ്രെഡും ഞാലിപ്പൂവൻ പഴവും കഴിച്ച് ‘ആഘോഷിച്ച’ തിരുവോണങ്ങൾ; അത്രപോലും ഭക്ഷണമില്ലാ തിരുന്ന ക്രിസ്‌മസ്‌ രാത്രികൾ. നക്ഷത്രവിളക്കുകളും കേക്കും രുചികരമായ ക്രിസ്മസ് വിഭവങ്ങളും സ്വപ്‍നം കണ്ട് കരഞ്ഞുറങ്ങിയ ആ നാളുകൾ. അപ്പോഴും പാർട്ടി ആയിരുന്നു എന്റെ പ്രത്യാശ; സഖാക്കളായിരുന്നു എന്റെ കുടുംബം. ഇപ്പോൾ പ്രശസ്ത കോളമിസ്റ്റും എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമൊക്കെയായ പ്രിയപ്പെട്ട കൂട്ടുകാരി സുധാ മേനോൻ ഇല്ലായ്മകളുടെ ഈ നിറവറുതിക്ക് സാക്ഷിയായിരുന്നു. അതേക്കുറിച്ച് അവൾ എഴുതിയ കുറിപ്പ് ഫേസ്‌ബുക്കിൽ വൈറൽ ആയിരുന്നു.

ഗവേഷണകാലം കഴിഞ്ഞതോടെ ഹോസ്റ്റൽ വിടേണ്ട അവസ്ഥയായി; എസ്എഫ്ഐയിൽ നിന്ന് പാർട്ടിയുടെ ജില്ലാകമ്മിറ്റിയിലേക്ക് മാറിയതോടെ സ്ഥിരമായി പ്രവർത്തിക്കാനുള്ള ഒരിടം നഷ്ടം. പാർട്ടിയുടെ നേതൃനിരയിലേക്കുള്ള ചുവടുമാറ്റം എനിക്കുണ്ടാക്കിയത് അപരിചിതമായ ഒരിടത്ത് എത്തിച്ചേർന്ന തോന്നൽ. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാത്ത എനിക്ക് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ യാത്രക്കുള്ളത്ര പോലും പണം ഉണ്ടായിരുന്നില്ല. വെടിപ്പുള്ള വസ്ത്രം ധരിച്ച് പ്രസന്നതയോടെ നടക്കുന്ന എനിക്ക് ഇത്തരമൊരു ദുര്യോഗമുള്ളതായി പാർട്ടി നേതൃത്വം മനസിലാക്കിയതുമില്ല. ഗ്രനേഡ് വീണ് കാൽപാദം തകർന്നതുകൊണ്ട് ബസ് യാത്രകൾ ദുഷ്കരവുമായിരുന്നു; ജില്ലാകമ്മിറ്റികളിൽ പോലും ഞാൻ പങ്കെടുക്കാതെയായി.

നിരാശതയുടെ നീരാളിപ്പിടുത്തത്തിലായിരുന്നു ഞാനപ്പോൾ. വ്യാജവാർത്തയെത്തുടർന്ന് പലരും എന്നോട് അകലം പാലിച്ചുതുടങ്ങിയിരുന്നു; മുതിർന്ന നേതാക്കളിൽ ചിലർ അനിഷ്ടത്തോടെ പെരുമാറുന്നതായി എനിക്ക് തോന്നി. സുഹൃത്തുക്കളും സഹപാഠികളും പോലും എന്നെ അവഗണിക്കുന്നതായി അനുഭവപ്പെട്ടു. ഒരുപക്ഷേ, അന്നത്തെ പാർട്ടി സെക്രട്ടറി സഖാവ് പിണറായി വിജയൻ എന്റെ ദുരവസ്ഥകൾ അറിഞ്ഞിരുന്നുവെങ്കിൽ ചിത്രം വ്യത്യസ്തമാകുമായിരുന്നേനെ! ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഞാൻ നിരന്തരം പങ്കെടുക്കുന്നില്ലെന്ന് അറിഞ്ഞ അദ്ദേഹം എന്നെ എകെജി സെന്ററിലെക്ക് വിളിപ്പിച്ചു. ‘എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്’ എന്ന് അദ്ദേഹം നിർദേശിച്ചു. അപ്പോഴേക്കും സമ്പൂർണ നിരാശതയുടെ കാണാക്കയങ്ങളിൽ ആഴ്ന്നു തുടങ്ങിയിരുന്നു എൻ്റെ മനസ്. അന്ന് വിജയേട്ടനോട് എന്റെ അവസ്ഥ തുറന്നു പറയണമായിരുന്നെന്ന് പിന്നീട് പലപ്പോഴും ഞാൻ പരിതപിച്ചിട്ടുണ്ട്.

മനസ് കൈവിട്ടുപോയ ഏതോ ഒരു നിമിഷത്തിലെ അപക്വമായൊരു തീരുമാനമായിരുന്നു കോൺഗ്രെസ്സിലേക്കുള്ള കൂടുമാറ്റം. കുറുമ്പിയായ ഒരു കൊച്ചുകുട്ടിയെപ്പോലെ എൻ്റെ മനസ് പറഞ്ഞു: ‘എന്നെ പരിഗണിക്കാത്ത പാർട്ടിയെ എനിക്കും വേണ്ട’.

അങ്ങനെ ഒരുവേള ആ തീരുമാനം. കോൺഗ്രസ് എനിക്കു തികച്ചും അപരിചിതമായ ഇടമായിരുന്നു. ഏതാനും തെരെഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിച്ചതിൽ ഒതുങ്ങി എന്റെ കോൺഗ്രസ് ചങ്ങാത്തം. പിന്നെയും എന്റെ ഏകാന്തതയുടെ ഇത്തിരിവട്ടത്തിലേക്ക് ഞാൻ ഒതുങ്ങികൂടി. അപ്പോഴാണ് പിറവം ഉപതെരഞ്ഞെടുപ്പ് വരുന്നത്. ആ സമയത്തായിരുന്നു മറ്റൊരു വിവാദം. അതോടെ വീണ്ടും പിറവത്തു പ്രചാരണ യോഗങ്ങളിൽ ഞാൻ പ്രസംഗിച്ചു.

എനിക്കുവേണ്ടി യുഡിഎഫ് പുതിയൊരു തസ്തിക തന്നെ സൃഷ്ടിച്ചു; സംസ്ഥാന യൂത്ത് കമ്മീഷൻ അധ്യക്ഷയെന്ന നിലയിൽ ഈ അർദ്ധപട്ടിണിക്കാരിക്ക് പ്രതിമാസം നല്ലൊരു ഹോണറേറിയം, സഞ്ചരിക്കാൻ കാറും ഡ്രൈവറും, പ്രവർത്തിക്കാൻ ഓഫിസും സ്റ്റാഫും. പാക്കേജ് മോശമല്ല. കാബിനറ്റ് തീരുമാനമുണ്ടായി.

പക്ഷേ, അതൊരു ‘പ്രതിഫലം’ പോലെ എനിക്ക് തോന്നി. അത് സ്വീകരിക്കാൻ എന്റെയുള്ളിലെ ‘ദുരഭിമാനി’യായ പഴയ സഖാവ് സമ്മതിച്ചില്ല. സാമൂഹ്യക്ഷേമ വകുപ്പിലെ ഒരുന്നത വനിത ഞാൻ താമസിക്കുന്ന ഇടം കണ്ടെത്തി; ഞാൻ മുഖം കൊടുത്തില്ല. ഗവർണറുടെ നിയമന ഉത്തരവും ഒരു കത്തും ലെറ്റർ ബോക്സിൽ നിക്ഷേപിച്ച് അവർ മടങ്ങി. ഒടുക്കം, ഈ പദവി എനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രിക്ക് രേഖാമൂലം കത്തുനൽകി ഞാൻ വീണ്ടും എന്റെ ‘അഹങ്കാരം’ പുറത്തെടുത്തു.

അതായിരുന്നു അവസാനത്തെ കോൺഗ്രസ് ബാന്ധവം. എന്തൊരു വിഡ്ഢിയാണ്, ദുരഭിമാനിയാണ് ഞാനെന്നു നിങ്ങൾക്ക് തോന്നാം. അത്തരമൊരു പദവി നൽകുന്ന സൗകര്യങ്ങളെക്കാൾ ആത്മാഭിമാനമായിരുന്നു സഖാവ് ജോയിയുടെ ഈ മകൾക്ക് മുഖ്യം.
സഖാവ് എകെജിയുടെയും സഖാവ് ഇഎംഎസിന്റെയുമൊക്കെ കഥകൾ കേട്ട് വളർന്നതായിരുന്നു എന്റെ ബാല്യം. ആദരവോടെ എൻ്റെ പിതാവ് പറഞ്ഞുകേട്ട ആ കഥകളത്രയും വാനിൽ പറക്കുന്ന ചെങ്കൊടിയെക്കുറിച്ചു മാത്രമായിരുന്നല്ലോ?

പ്രിയപ്പെട്ടവരേ, ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല ഞാനിപ്പോൾ. തൽക്കാലം ഈ രഷ്ട്രീയ വനവാസം തുടരാൻതന്നെയാണ് തീരുമാനവും. ഉടനെ നാട്ടിലേക്കുമില്ല; പക്ഷേ , ഉള്ളിൽ ഇപ്പോഴുമൊരു ആൾക്കൂട്ടത്തിന്റെ ഇരമ്പലുണ്ട്.

കാലമാണല്ലോ ഏറ്റവും മികച്ച വഴികാട്ടി!
നന്ദി.

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending