അസ്താന: സിറിയന്‍ രക്തചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിന് കസഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ സമാധാന ചര്‍ച്ച തുടരുന്നു. വെടിനിര്‍ത്തല്‍ കൂടുതല്‍ കാര്യക്ഷമായി മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ റഷ്യയുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയിലാണ് ചര്‍ച്ച നടക്കുന്നത്.

 

സിറിയന്‍ ഭരണകൂടത്തിന്റെയും വിമതരുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ ദിവസം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് ഇരുപക്ഷവും മുഖംതിരിഞ്ഞുനിന്നെങ്കിലും ഇന്നലെ നടന്ന കൂടിയാലോചനകള്‍ ക്രിയാത്മകമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി എട്ടിന് ജനീവയില്‍ ഐക്യരാഷ്ട്രസഭയുട നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് നിലമൊരുക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. ഇരുപക്ഷത്തിനും സ്വീകാര്യമായ അന്തിമ പ്രസ്താവന തയാറാക്കാനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്ന് സിറിയയിലെ യു.എന്‍ സമാധാന ദൂതന്‍ സ്റ്റഫാന്‍ ഡി മിസ്റ്റുര പറഞ്ഞു. എന്നാല്‍ സംയുക്ത പ്രസ്താവനയില്‍ വിമതര്‍ ഒപ്പുവെക്കാനുള്ള സാധ്യത പ്രതിപക്ഷ വക്താവ് യഹ്‌യ അല്‍ അരീദി തള്ളി.

നിരവധി തടസങ്ങള്‍ നീങ്ങാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉപരോധങ്ങള്‍ പിന്‍വലിക്കുക, തടവുകാരെ വിട്ടയക്കുക, ഉപരോധത്തിലുള്ള മേഖലയിലേക്ക് സഹായമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വിമതര്‍ മുന്നോട്ടുവെക്കുന്നുണ്ട്. അസ്താനയില്‍ രൂപപ്പെടുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലക്ക് അനുസൃതമായിരിക്കും ജനീവ ചര്‍ച്ചയുടെ ഭാവി. റഷ്യയും തുര്‍ക്കിയും മുന്‍കൈയെടുത്ത് ഡിസംബര്‍ മുപ്പതിന് പ്രഖ്യാപിച്ച വെടിനിര്‍ത്തലിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ ചൊല്ലി ആദ്യ ദിവസം വിമതര്‍ ഇടഞ്ഞുനിന്നിരുന്നു.

 

വെടിനിര്‍ത്തല്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ് പ്രതിപക്ഷമെന്ന് സിറിയന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍ ബഷാര്‍ അല്‍ ജഅഫി കുറ്റപ്പെടുത്തി. അസ്താന ചര്‍ച്ചകളെ അട്ടിമറിക്കാനാണ് വിമതര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘനത്തിന്റെ പേരില്‍ പരസ്പരം പഴിചാരന്‍ ഭരണകൂടവും വിമതരും ശ്രമിച്ചത് തുടക്കത്തില്‍ തന്നെ ചര്‍ച്ച അലസുമോ എന്ന ആശങ്കകും കാരണമായി. അസ്താനയില്‍ വിമതരെ പ്രതിനിധീകരിക്കുന്നത് തീവ്രവാദികളാണെന്ന് ഭരണകൂടം ആരോപിച്ചിരുന്നു.