ന്യൂഡല്‍ഹി: കാളീപൂജയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തത് വിവാദത്തില്‍. തലയില്‍ കലശക്കുടം ഏന്തി നില്‍ക്കുന്ന യെച്ചൂരിയുടെ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സി.പി.എം രാമായണ മാസാചരണ വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നതിനിടെയാണ് യെച്ചൂരി കാളിപൂജയില്‍ പങ്കെടുക്കുന്ന ചിത്രം ഇന്റര്‍നെറ്റ് പ്രചരിച്ചത്.

തെലുങ്കാനയിലെ കാളീപൂജ ആഘോഷമായ ബൊനാലുവിലെ പരിപാടിയിലാണ് യെച്ചൂരി പങ്കെടുത്തത്. ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ടിന്റെ (ബി.എല്‍.എഫ്) പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ എത്തിയപ്പോഴാണ് യെച്ചൂരി കാളീപൂജയില്‍ പങ്കെടുത്തത്.
ബിഎല്‍എഫിന്റെ ഷോള്‍ ധരിച്ചാണ് യെച്ചൂരി കലശക്കുടവുമായി നില്‍ക്കുന്നത്. പുഷ്പകലശം തലയിലേറ്റിയും യെച്ചൂരിയും മറ്റു നേതാക്കളും നില്‍ക്കുന്നുണ്ട്. പാര്‍ട്ടി കൊടികളും ദൃശ്യങ്ങളിലുണ്ട്.

മതേതരവാദം അവകാശപ്പെടുന്ന സി.പി.എം മതപരിപാടിയില്‍ ആചാരപ്രകാരം പങ്കെടുത്തത് ശരിയായില്ലെന്നാണ് ആക്ഷേപം.
കേരളത്തില്‍ സിപിഎം രാമായണ മാസാചരണം നടത്താന്‍ തീരുമാനിച്ചത് ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി രാമായണ മാസം ആചരിക്കുന്നില്ലെന്നും സംസ്‌കൃത സംഘടനയാണ് മാസാചരണം നടത്തുന്നതെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം.