കൊച്ചി: നടി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് യുവനടന്‍മാര്‍ ആരും പ്രതികരിച്ചില്ലെന്ന നടി രേവതിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ താന്‍ അമ്മ എക്‌സിക്യൂട്ടീവിലെ അംഗമല്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ഒരഭിപ്രായം പറയാന്‍ എളുപ്പമാണ്. എന്നാല്‍ വിവാദവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതല്‍ അറിയാം. തന്നോട് നല്ല രീതിയിലെ എല്ലാവരും പെരുമാറിയിട്ടുള്ളൂവെന്നും ദുല്‍ഖര്‍ പറഞ്ഞു. താന്‍ അമ്മ എക്‌സിക്യൂട്ടീവിലെ അംഗമല്ല. അതുകൊണ്ട് ആ വിഷയത്തില്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് വാപ്പച്ചിയെന്നും ദുല്‍ഖര്‍ പറയുന്നു.

തന്നെയും സഹോദരിയെയും എങ്ങനെയാണ് അദ്ദേഹം വളര്‍ത്തിയത് എന്നറിയാം. സ്ത്രീകള്‍ക്കെതിരായി വരുന്ന ഒരു തീരുമാനവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ നോക്കിയോ അതിലെ സംഭാഷണങ്ങള്‍ കൊണ്ടോ വാപ്പിച്ചിയെ വിലയിരുത്തരുതെന്നും ദുല്‍ഖര്‍ പറയുന്നു.

എല്ലാ വിഷയത്തിനും രണ്ടുവശങ്ങളുണ്ടെന്നും ഒരഭിപ്രായം പറയണമെങ്കില്‍ അതിലൊരു വശത്ത് നില്‍ക്കേണ്ടിവരുമെന്നും അതിന് താത്പര്യമില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. നടന്‍ പൃഥ്വിരാജ് മാത്രമാണ് അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി രംഗത്തുവന്നത്. മറ്റു യുവനടന്‍മാര്‍ ആരും പ്രതികരിക്കാത്ത സാഹചര്യത്തിലായിരുന്നു രേവതിയുടെ പരാമര്‍ശം. നടിമാരായ ഭാവന, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്നും രാജിവെച്ചൊഴിഞ്ഞത്.