X

ലാവലിന്‍കേസ്: അന്തിമ വാദം ഒക്ടോബര്‍ ഒന്നിന് സുപ്രീം കോടതിയില്‍

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ കേസ് ഒക്ടോബര്‍ ഒന്നിന് സുപ്രീം കോടതി പരിഗണിക്കും. കേസ് ഒക്ടോബര്‍ ഒന്നില്‍ നിന്ന് മാറ്റരുതെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരേ സി.ബി.ഐ നല്‍കിയ ഹര്‍ജി ഉള്‍പ്പെടെയാണ് ഒക്ടോബര്‍ ഒന്നിന് കേസിന്റെ അന്തിമവാദത്തിനായി പരിഗണിക്കുക. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഹാജരായേക്കും. ലാവലിന്‍ കേസിന്റെ അന്തിമവാദം വേനലവധിക്ക് ശേഷം ജൂലൈയില്‍ ആരംഭിക്കാനായിരുന്നു ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം പരിഗണിച്ചാണ് ഇതില്‍ മാറ്റംവരുത്തിയത്.
പിന്നീട് ആഗസ്റ്റിലും സെപ്റ്റംബറിലും കേസ് പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയിതിരുന്നുവെങ്കിലും മാറ്റി വെക്കുകയായിരുന്നു. പിണറായി വിജയനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സി.ബി.ഐ അപ്പീലില്‍ പറയുന്നത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന 1996-98 കാലഘട്ടത്തില്‍ കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ നവീകരണ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിന് നല്‍കിയത് സര്‍ക്കാറിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
പൊതുഖജനാവിന് കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിവെച്ചെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയ ലാവലിന്‍ ഇടപാടില്‍ പിണറായിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ആയതിനാല്‍ അദ്ദേഹത്തിനെ വിചാരണ ചെയ്യേണ്ടതുണ്ടെന്നുമാണ് സിബിഐ പറയുന്നത്.
ലാവലിന്‍ കരാറില്‍ പിണറായി അറിയാതെ മാറ്റം വരില്ലെന്നും കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി തുടക്കത്തില്‍ വെറും കണ്‍സള്‍ട്ടന്‍സി കരാര്‍ മാത്രമായിരുന്നത് സപ്ലൈ കാരാര്‍ ആക്കി മാറ്റിയ വേളയില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി കാനഡയില്‍ ഉണ്ടായിരുന്നു എന്നുമാണ് സി ബി ഐ യുടെ വാദം. പിണറായി അടക്കം മൂന്നുപേരെ വിട്ടയച്ച കേരള ഹൈക്കോടതി വിധിക്കെതിരെ തുടര്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദ്ദേശിച്ച മുന്‍ കെ എസ്ഇബി ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍ ശിവദാസ്, കെ ജി രാജശേഖരന്‍ എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്.

chandrika: