ദോഹ: മകന്‍ നഷ്ടപ്പെട്ട ഒരുമ്മയുടെ കണ്ണുനീര്‍ രാജ്യാതിര്‍ത്തികള്‍ക്കുമപ്പുറം ഒരു ചോദ്യമാവുമ്പോള്‍ ആ അമ്മയോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വരച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ദോഹയിലെ പ്രമുഖ കാലിഗ്രഫി ചിത്രകാരനായ കരീംഗ്രാഫി കക്കോവ് വരച്ച ഫാത്തിമ നഫീസിന്റെ മുഖചിത്രമാണ് വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും പേജുകളും ഏറ്റെടുത്തത്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി എല്ലാ സാമൂഹിക മാധ്യമങ്ങളിലും ആ അമ്മയുടെ കണ്ണീരുപ്പുപറ്റിയ തേങ്ങലായ് ചിത്രം പ്രചരിക്കുകയാണ്.
പലരും തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയായും ചിത്രത്തെ ഉപയോഗിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഒരു വര്‍ഷം മുമ്പ് എബിവിപി പ്രവര്‍ത്തകരുമായുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മയാണ് ഫാത്തിമ നഫീസ്.
സോഷ്യല്‍ മീഡിയയില്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ട് പ്രതികരിക്കുന്ന കരീം നേരത്തെ വരച്ച ‘വേര്‍ ഈസ് നജീബ്’ എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. നജീബിന്റെ കേസ് അന്വേഷിക്കുന്ന സിബിഐ, അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോകാതെ പൊട്ടന്‍ കളിക്കുന്ന സാഹചര്യത്തിലാണ് നജീബിന്റെ ഉമ്മ കഴിഞ്ഞ ദിവസം വീണ്ടും സമരവുമായി രംഗത്തെത്തിയത്.
ഡല്‍ഹി ഹൈക്കോടതിക്ക് മുന്നില്‍ സി.ബി.ഐക്കെതിരെ സമാധാനപരമായി സമരം നടത്തിയ നഫീസിനെ ബലം പ്രയോഗിച്ച് പൊലീസ് നീക്കി. നജീബ് എവിടെയെന്ന ചോദ്യത്തിന് മുന്നില്‍ ഒരു വര്‍ഷമായിട്ടും ഉത്തരം നല്‍കാന്‍ കഴിയാത്തതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ കരീം വരച്ച ചിത്രവും നജീബ് എവിടെയെന്ന ഹാഷ് ടാഗോടെയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
നജീബിനെ കാണാതായത് മുതല്‍ ഫാത്തിമ നഫീസ് നിരന്തര സമരത്തിലാണ്. പലപ്പോഴും പൊലീസിന്റെ ക്രൂരമായ പീഢനങ്ങള്‍ക്ക് അവര്‍ വിധേയയായി. എന്നിട്ടും എന്നെങ്കിലും തന്റെ മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളിലും തെരുവിന്റെ വിജനതയിലും മകനെ തേടിക്കൊണ്ടിരിക്കുകയാണ് ഫാത്തിമ നഫീസ്.