ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഹകരിക്കാനുള്ള നിര്‍ദേശത്തിന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയാ ഗാന്ധി അനുമതി നല്‍കി. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍ പശ്ചിമബംഗാള്‍ പി.സി.സി അധ്യക്ഷന്‍ സോമന്‍ മിത്രയുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് ഇടുതപക്ഷത്തെ പിന്തുണക്കാനുള്ള നിര്‍ദേശം ബംഗാള്‍ പി.സി.സി നേതൃത്വം മുന്നോട്ടു വെച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയുടെ കൂടി പശ്ചാത്തലത്തിലായിരുന്നു ബി.ജെ.പി വിരുദ്ധ ചേരിക്ക് ബലം നല്‍കുന്ന നിര്‍ദേശം ബംഗാള്‍ പി.സി.സി മുന്നോട്ടു വച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് നിര്‍ദേശത്തിന് സോണിയാ ഗാന്ധി ഇന്നലെ അനുമതി നല്‍കിയത്. ഇടതുപക്ഷത്തിന് താല്‍പര്യമുണ്ടെങ്കില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യമാകാമെന്ന മറുപടിയാണ് ബംഗാള്‍ ഘടകത്തിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്.
സോണിയാ ഗാന്ധിയുടെ തീരുമാനത്തിന് ഏറെ രാഷ്ട്രീയ പ്രസക്തിയുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ബി.ജെ.പിയെ തടയുന്നതിന് എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിക്കണമെന്ന നിര്‍ദേശം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി മുന്നോട്ടു വെച്ചിരുന്നു. മമതയുമായി ഏറ്റവും അടുത്ത രാഷ്ട്രീയ സൗഹൃദം പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാവ് കൂടിയാണ് സോണിയ. എന്നിട്ടും തൃണമൂലിനെ തഴഞ്ഞ് ഇടുതപക്ഷത്തെ രാഷ്ട്രീയ പങ്കാളിയായി നിശ്ചയിച്ചത് 2021ല്‍ നടക്കാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ്. ബി.ജെ.പിയെ എതിര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഉപതെരഞ്ഞെടുപ്പിനായി ഉണ്ടാക്കുന്ന സൗഹൃദം 2021ല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇടതുപക്ഷവുമായി സഹകരിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
പശ്ചിമബംഗാളിലെ മൂന്ന് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റു വിഭജനം സംബന്ധിച്ച് ബംഗാളിലെ ഇടതു -കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഏതാണ്ട് ധാരണയായതാണ് വിവരം. ഇതു പ്രകാരം ഉത്തര ദിനജ്പൂര്‍ ജില്ലയിലെ കാളിയഗഞ്ചിലും പശ്ചിമമിഡ്‌നാപൂര്‍ ജില്ലയിലെ ഖരഗ്പൂരിലും കോണ്‍ഗ്രസ് മത്സരിച്ചേക്കും. നാദിയ ജില്ലയിലെ കരീംപൂരില്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തെ കോണ്‍ഗ്രസ് തിരിച്ചും പിന്തുണച്ചേക്കും.
സിറ്റിങ് കോണ്‍ഗ്രസ് എം.എല്‍.എ പി റോയ് അന്തരിച്ചതിനെതുടര്‍ന്നാണ് കാളിയഗഞ്ചില്‍ ഒഴിവു വന്നത്. ഖരഗ്പൂരില്‍ നിന്നുള്ള നിയമസഭാംഗവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ ദിലീപ് ഘോഷ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. കരീംപൂരില്‍നിന്നുള്ള തൃണമൂല്‍ എം.എല്‍.എ മഹുവ മൊയ്ത്രയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.