നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെ ഭര്‍ത്താവ് രാജാ വെങ്കിടേഷിന്റെ മരണകാരണവുമായി ബന്ധപ്പെട്ട് മകള്‍ സൗഭാഗ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. അച്ഛന്റെ മരണകാരണം മാധ്യമങ്ങള്‍ തെറ്റായി നല്‍കുകയാണെന്ന് സൗഭാഗ്യ പറഞ്ഞു.

ഞങ്ങള്‍ക്ക് അച്ഛനെ നഷ്ടപ്പെട്ടു. ഇങ്ങനെയൊരു പോസ്റ്റ് വേണ്ടെന്ന് വെച്ചതാണ്. എന്നാല്‍ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും പരക്കുകയാണ്. ഡിങ്കിപ്പനി മൂലമല്ല അച്ഛന്റെ മരണം സംഭവിച്ചതെന്ന് സൗഭാഗ്യ പറഞ്ഞു. വൈറല്‍ ഫീവര്‍ മൂലമായിരുന്നു മരണമെന്നും ഇത് ഗുരുതരമായി ചെസ്റ്റ് ഇന്‍ഫെക്ഷനിലേക്ക് മാറുകയായിരുന്നുവെന്നും മരണത്തെക്കുറിച്ച് സൗഭാഗ്യ പറയുന്നു. സെപ്റ്റ്‌സീമിയ എന്ന അവസ്ഥയിലേക്ക് കടന്ന അച്ഛന്‍ 9 ദിവസത്തോളം ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. എന്നാല്‍ അച്ഛന് രക്ഷപ്പെടാനായില്ല. അച്ഛന്‍ മികച്ച വിജയങ്ങള്‍ നല്‍കിയിരുന്നില്ലെങ്കിലും മാധ്യമങ്ങള്‍ അച്ഛനെ വെറുമൊരു സീരിയല്‍നടനായി മാത്രം ചിത്രീകരിക്കുന്നതില്‍ വേദനയുണ്ട്. ഇരുപതോളം മെഗാസീരിയലുകളില്‍ ഹീറോ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളയാളാണ് തന്റെ അച്ഛനെന്നും മകള്‍ പറയുന്നു. എല്ലായ്‌പ്പോഴും തനിക്ക് മികച്ച അച്ഛനും അമ്മക്ക് നല്ല ഭര്‍ത്താവുമായിരുന്നു അച്ഛനെന്നും നിങ്ങളുടെ സ്‌നേഹത്തിനും പരിഗണനക്കും നന്ദിയുണ്ടെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് രാജാവെങ്കിടേഷ് മരണത്തിന് കീഴടങ്ങുന്നത്. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രാജാവെങ്കിടേഷ് ഗുരുതരമായ നിലയിലാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പിറ്റേന്നാണ് മരണം സംഭവിച്ചത്. മരണകാരണം ഡിങ്കിപ്പനിയാണെന്ന് പ്രചാരണമുണ്ടായ സാഹചര്യത്തിലാണ് വിശദീകരണവുമായി മകള്‍ രംഗത്തെത്തുന്നത്.